ന്യൂഡൽഹി: യു.പി.എസ്.സി. തട്ടിപ്പ് കേസിൽ ഐ.എ.എസ്. ട്രെയിനിയായിരുന്ന പൂജ ഖേദ്കറിനെതിരായി ഫെബ്രുവരി 14 വരെ കടുത്ത നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഡൽഹി സർക്കാരിനും യു.പി.എസ്.സിക്കും നോട്ടീസ് നൽകിയത്. 

To advertise here,

പൂജ ഖേദ്കറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കേസ് ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കും. 

കഴിഞ്ഞ വർഷം ജൂണ്‍, ഓഗസ്റ്റ് മാസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയ പൂജ, യു.പി.എസ്.സി പരീക്ഷയില്‍ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെക്കുറിച്ച് കള്ളം പറയുകയും പേരും കുടുംബപ്പേരും മാറ്റുകയും വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഐ.എ.എസ് നേടുകയും ചെയ്തിരുന്നുവെന്നായിരുന്നു കേസ്. വിവാദങ്ങള്‍ക്കൊടുവിൽ പൂജയുടെ ഐ.എ.എസ് റദ്ദാക്കി.

സർവീസിൽ കയറുന്നതിന് വേണ്ടി പൂജ, വ്യാജ ഒ.ബി.സി. സർട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് തുടങ്ങിയവ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. കാഴ്ച പരിമിധി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു യു.പി.എസ്.സിക്ക് വ്യാജ സർട്ടിഫിക്കറ്റ് പൂജ നൽകിയത്.

ഐ.എ.എസ് നിയമം, 1954.ലെ 12-ാം അനുച്ഛേദം പ്രകാരമാണ് പൂജയെ പിരിച്ചുവിട്ടത്. പുനഃ പരീക്ഷയില്‍ വിജയിക്കാതിരിക്കുകയോ സര്‍വീസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ അയോഗ്യരാകുകയോ സര്‍വീസില്‍ തുടരാന്‍ അനുയോജ്യമല്ലെന്ന് തെളിയുകയോ ചെയ്താല്‍ ആ വ്യക്തിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാരിന് അനുവാദം നല്‍കുന്ന നിയമമാണിത്.