ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉമേഷ് പാല്‍ വധക്കേസിലെ പ്രതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മുഹമ്മദ് നഫീസ് എന്ന നഫീസ് ബിരിയാണി(52)യാണ് പ്രയാഗ് രാജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചത്.
ഉമേഷ് പാല്‍ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ നഫീസിനെ കഴിഞ്ഞമാസമാണ് യു.പി. പോലീസ് ഏറ്റുമുട്ടലില്‍ കീഴടക്കിയത്. കാലിന് വെടിയേറ്റ ഇയാളെ ചികിത്സയ്ക്ക് ശേഷം നൈനി സെന്‍ട്രല്‍ ജയിലിലാണ് പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം ശ്വാസതടസം അനുഭവപ്പെടുന്നതായി നഫീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയ ജയിലിലെ ഡോക്ടര്‍ ഇയാളെ എസ്.ആര്‍.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം, നഫീസിന്റെ മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരികയുളളൂ എന്നായിരുന്നു ജയില്‍ സൂപ്രണ്ടിന്റെ പ്രതികരണം.
വിവാദമായ ഉമേഷ് പാല്‍ വധക്കേസില്‍ ഏറെനാളായി ഒളിവിലായിരുന്ന നഫീസിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് നവംബര്‍ 22-ാം തീയതി നവാബ്ഗഞ്ച് മേഖലയില്‍നിന്ന് ഇയാളെ പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നഫീസ് വെടിയുതിര്‍ത്തെന്നും ഇതേത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഏറ്റുമുട്ടലില്‍ നഫീസിന്റെ ഇടതുകാലിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സനല്‍കിയ ശേഷം ഡിസംബര്‍ അഞ്ചാം തീയതിയാണ് ജയിലിലേക്ക് മാറ്റിയത്.
ജയിലിലേക്ക് മാറ്റിയശേഷവും നഫീസിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് പ്രതിയെ ജയിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ കഴിയുന്നതിനിടെയാണ് ആരോഗ്യനില വഷളായതെന്നും പോലീസ് പറഞ്ഞു.
2005-ല്‍ ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷിയായ ഉമേഷ് പാലിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 24-നാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഉമേഷ് പാലിനൊപ്പം സുരക്ഷയ്ക്കുണ്ടായിരുന്ന രണ്ട് പോലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍ സമാജ് വാദി പാര്‍ട്ടി എം.പി.യും ഗുണ്ടാത്തലവനുമായിരുന്ന അതീഖ് അഹമ്മദും സഹോദരനും മക്കളും ഉള്‍പ്പെടെയുള്ളവരായിരുന്നു ഉമേഷ് പാല്‍ വധക്കേസിലെ പ്രതികള്‍. ഇതില്‍ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അതീഖിന്റെ മകന്‍ അടക്കം നാലുപേരെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് അതീഖ് അഹമ്മദും സഹോദരനും മൂന്നംഗസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. അതേസമയം, അതീഖിന്റെ ഭാര്യ ഷെയ്‌സ്ത പര്‍വീണ്‍ അടക്കം കേസിലെ ആറുപ്രതികളും ഇപ്പോഴും ഒളിവിലാണ്.
Content Highlights: up umesh pal murder case accused nafees biryani dies
Published: 18 Dec 2023, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented