
ജയ്പുര്: ബിഡിഎസ് വിദ്യാര്ഥിനിയെ ഹോസ്റ്റല്മുറിയില് മരിച്ചനിലയില് കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പുരിലെ പസഫിക് ഡെന്റല് കോളേജിലെ അവസാനവര്ഷ ബിഡിഎസ് വിദ്യാര്ഥിനിയും കശ്മീര് സ്വദേശിനിയുമായ ശ്വേത സിങ്(25) ആണ് ഹോസ്റ്റല്മുറിയില് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ഹോസ്റ്റല്മുറിയില് ശ്വേതയ്ക്കൊപ്പം താമസിക്കുന്ന മറ്റൊരു വിദ്യാര്ഥിനി രാത്രി മുറിയിലെത്തിയപ്പോഴാണ് ശ്വേതയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ഉടന്തന്നെ ഹോസ്റ്റല് അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില് മുറിയില്നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
കോളേജില് യഥാസമയം പരീക്ഷകള് നടത്താത്തതിന്റെയും അധ്യാപകരുടെ മാനസികപീഡനവും കാരണം താന് ജീവനൊടുക്കുകയാണെന്നാണ് വിദ്യാര്ഥിനിയുടെ കുറിപ്പിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. നൈനി മാഡം, ഭഗവത് സര് എന്നീ അധ്യാപകരുടെ പേരുകളും വിദ്യാര്ഥിനി കുറിച്ചിരുന്നു.
അതേസമയം, ശ്വേതയുടെ മരണത്തിന് പിന്നാലെ വെള്ളിയാഴ്ച കോളേജില് വിദ്യാര്ഥികള് പ്രതിഷേധിച്ചു. പരീക്ഷകള് വൈകുന്നതും അധ്യാപകരുടെ മാനസികപീഡനവും കോളേജില് നിത്യസംഭവമാണെന്നും ഹാജര് കുറഞ്ഞതിന്റെ പേരിലടക്കം പണം പിരിക്കുന്നത് പതിവാണെന്നുമാണ് വിദ്യാര്ഥികളുടെ ആരോപണം. ശ്വേതയുടെ ബാച്ചിലുള്ളവര് ഇപ്പോള് ഇന്റേണ്ഷിപ്പ് ചെയ്യേണ്ട സമയമായിരുന്നു. ഇവരുടെ പരീക്ഷകള് വൈകിയതുകാരണമാണ് ഇതെല്ലാം നീണ്ടുപോയതെന്നും വിദ്യാര്ഥികള് ആരോപിച്ചു. ശ്വേതയുടെ കുറിപ്പില് പരാമര്ശിക്കുന്ന അധ്യാപകരെ പുറത്താക്കണമെന്നും വിദ്യാര്ഥികള് ആവശ്യപ്പെട്ടു. തുടര്ന്ന് ഈ അധ്യാപകര്ക്കെതിരേ കര്ശനനടപടി സ്വീകരിക്കുമെന്നും ഇവരെ പുറത്താക്കുമെന്നും കോളേജ് ഡയറക്ടര് വിദ്യാര്ഥികള്ക്ക് ഉറപ്പുനല്കി. സംഭവത്തില് പോലീസിന്റെ അന്വേഷണം തുടരുകയാണെന്നും അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില് പോലീസ് നടപടികള് സ്വീകരിക്കുമെന്നും അന്വേഷണവുമായി പൂര്ണമായി സഹകരിക്കുമെന്നും കോളേജ് അധികൃതര് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള് 'ദിശ' ഹെല്പ് ലൈനില് വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: A final year BDS student was found dead in her hostel room in Udaipur, Rajasthan.
Published: 26 Jul 2025, 07:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented