തിരുവനന്തപുരം: തീവണ്ടിയില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്ന മുറവിളിയുടെ ഗൗരവംകൂട്ടി അക്രമങ്ങള്‍ തുടരുന്നു. കേരളത്തെ ഞെട്ടിച്ച ഗോവിന്ദച്ചാമിക്കേസിന് 14 വര്‍ഷത്തിനിപ്പുറവും സമാനരീതിയില്‍ സ്ത്രീകള്‍ തീവണ്ടിപ്പാളത്തിലേക്ക് അരക്ഷിതരായി തള്ളിവീഴ്ത്തപ്പെടുന്നതിന്റെ തുടര്‍ച്ചയായി, ഞായറാഴ്ചത്തെ സംഭവം.

To advertise here,

ഞായറാഴ്ച രാത്രി വര്‍ക്കലയില്‍ പാളത്തിലേക്ക് ചവിട്ടിവീഴ്ത്തപ്പെട്ട ശ്രീക്കുട്ടി (22) തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ അതിഗുരുതരാവസ്ഥയിലാണ്. ശ്രീക്കുട്ടിയെ വീഴ്ത്തിയശേഷം കൂട്ടുകാരി അര്‍ച്ചനയെയും കീഴ്പ്പെടുത്തി തള്ളിയിടാന്‍ പ്രതി ശ്രമിച്ചെങ്കിലും അവര്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു. ആലുവയില്‍ ഭര്‍ത്താവിനെ സന്ദര്‍ശിച്ചശേഷം അര്‍ച്ചനയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി.

തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാത്രി എട്ടര കഴിഞ്ഞ് വര്‍ക്കല ഭാഗത്തുവെച്ചായിരുന്നു അതിക്രമമുണ്ടായത്. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ശൗചാലയത്തില്‍പ്പോയി മടങ്ങിയ പെണ്‍കുട്ടിയെ തിരുവനന്തപുരം പനച്ചമൂട് വടക്കുംകര വീട്ടില്‍ സുരേഷ് കുമാര്‍ (50) ചവിട്ടി പുറത്തേക്കുവീഴ്ത്തുകയായിരുന്നു.

വാതില്‍ക്കല്‍നിന്ന് മാറാന്‍ പറഞ്ഞതിന്റെ ദേഷ്യത്തിലാണ് ആക്രമിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, തീവണ്ടിയുടെ വാതില്‍ക്കല്‍വെച്ച് കാര്യമായ വാക്തര്‍ക്കം നടന്നതായി സഹയാത്രികര്‍ പറയുന്നില്ല. മദ്യലഹരിയിലായിരുന്നു തന്റെ പ്രവൃത്തിയെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഇടയ്ക്കിടയ്ക്ക് മൊഴി മാറ്റിപ്പറയുന്നുമുണ്ട്. സുരേഷ് കുമാറിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്തു.

മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് ശ്രീക്കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ബെംഗളൂരുവില്‍നിന്ന് സംഭവമറിഞ്ഞെത്തിയ അമ്മ പ്രിയദര്‍ശിനി മകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചിരുന്നു.

തിങ്കളാഴ്ച മൊഴിയെടുക്കാന്‍ പോലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും അതിന് കഴിഞ്ഞില്ല. തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും ശ്രീക്കുട്ടിക്കുണ്ട്. അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. മജിസ്ട്രേറ്റിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രി ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

യാത്രക്കാര്‍ അരക്ഷിതരാണ്...

  • വനിതാ കംപാര്‍ട്ട്മെന്റ്, തീവണ്ടികളില്‍ മധ്യത്തിലാക്കണമെന്ന ഹൈക്കോടതി നിര്‍ദേശമുണ്ടെങ്കിലും പാസഞ്ചര്‍ തീവണ്ടികളില്‍ പലതിലും ഇപ്പോഴും അവസാനഭാഗത്താണ്.
  • സായുധരായ രണ്ടു വനിതാ പോലീസുകാരെ കമ്പാര്‍ട്ട്മെന്റില്‍ സുരക്ഷയ്ക്ക് നിയോഗിക്കണമെന്നും സുരക്ഷാവിവരങ്ങള്‍ കൈമാറുന്നതിന് ആധുനിക സംവിധാനം ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തീവണ്ടിയില്‍ അപായ ബട്ടണ്‍ സ്ഥാപിക്കുക, ഹെല്‍പ്ലൈന്‍ പ്രവര്‍ത്തനം സജീവമാക്കുക തുടങ്ങിയവയും പ്രധാന നിര്‍ദേശങ്ങളായിരുന്നു. പലതും നടപ്പായില്ല.
  • തീവണ്ടികളില്‍ കേരളാ പോലീസിന്റെ പ്രത്യേകസംഘത്തെ സുരക്ഷയ്ക്കായി നിയോഗിക്കണമെന്ന് 2013-ല്‍ മോന്‍സ് ജോസഫ് അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്‌തെങ്കിലും പ്രാവര്‍ത്തികമായില്ല.
  • യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കണമെന്ന നിര്‍ദേശത്തോടും അവഗണനയാണ്.