
കൊച്ചി: ടി.പി. വധക്കേസില്‍ കീഴ്‌ക്കോടതി നല്‍കിയ ശിക്ഷയെക്കാള്‍ വലിയ ശിക്ഷയാണ് ഹൈക്കോടതി വിധിച്ചതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കുമാരന്‍കുട്ടി. നേരത്തെ ശിക്ഷിക്കപ്പെട്ട ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കും 11,13 പ്രതികള്‍ക്കും ഒരുജീവപര്യന്തം തടവ് മാത്രമാണ് വിധിച്ചിരുന്നത്. ഹൈക്കോടതി ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്കും ഏഴാംപ്രതിക്കും ഗൂഢാലോചനാക്കുറ്റത്തിനുള്ള ശിക്ഷ കൂടി വിധിച്ചു. ഗൂഢാലോചനാക്കുറ്റം കീഴ്‌ക്കോടതി കണ്ടെത്തിയിരുന്നില്ല. ഇതോടെ ഇവര്‍ക്കെല്ലാം ഒരുജീവപര്യന്തം കൂടി കിട്ടി. നേരത്തെ കീഴ്‌ക്കോടതി കൊലക്കുറ്റത്തിന് മാത്രമാണ് ഇവരെ ശിക്ഷിച്ചിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഐ.പി.സി.യിലെ 120 ബി വകുപ്പ് പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ ശിക്ഷിച്ചത്. സാധാരണ ജീവപര്യന്തം 14 വര്‍ഷംകൊണ്ട് അവസാനിക്കും. എന്നാല്‍, ഇവര്‍ക്ക് 20 വര്‍ഷം കഴിയാതെ ജീവപര്യന്തത്തിന് ഇളവ് ആവശ്യപ്പെടാനോ കൊടുക്കാനോ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ പുതുതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് വിധിച്ചത് സാധാരണ ജീവപര്യന്തം തടവാണ്. ഇതിന് പ്രത്യേക വിശേഷണങ്ങളൊന്നും കോടതി നല്‍കിയിട്ടില്ല. 18-ാം പ്രതി റഫീഖിന്റേതും പ്രത്യേക വിശേഷണങ്ങളില്ലാത്ത ജീവപര്യന്തമാണ്. പ്രതികളുടെ പിഴ ശിക്ഷയും കോടതി ഉയര്‍ത്തിയിട്ടുണ്ട്. കേസില്‍ കെ.കെ.രമയ്ക്ക് ഏഴരലക്ഷം രൂപയും മകന് അഞ്ചരലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിലുണ്ടെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
കേസിലെ 13-ാം പ്രതി കുഞ്ഞനന്തന്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ മരിച്ചു. കേസിലെ അപ്പീല്‍ തുടര്‍ന്ന് നടത്താനായി അദ്ദേഹത്തിന്റെ ഭാര്യ ഹര്‍ജി നല്‍കി കക്ഷിചേര്‍ന്നിട്ടുണ്ട്. അതിനാല്‍ കൊടുക്കണമെന്ന് വിധിച്ച പിഴശിക്ഷ അവരില്‍നിന്ന് ഈടാക്കണമെന്നാണ് ഉത്തരവിലുള്ളതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
Content Highlights: tp chandrasekharan murder case verdict prosecutor response
Published: 27 Feb 2024, 05:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented