
ചെന്നൈ: തിരുനെല്‍വേലിയില്‍ 18-കാരിയെ കൊലപ്പെടുത്തിയ കേസില്‍ 17-കാരന്‍ അറസ്റ്റില്‍. തിരുനെല്‍വേലി സ്വദേശിനിയും ഫാന്‍സി സ്റ്റോര്‍ ജീവനക്കാരിയുമായ സന്ധ്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ 17-കാരനെ പോലീസ് പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയും ഇതരജാതിയില്‍പ്പെട്ട പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും അടുത്തിടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറിയതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പോലീസിന്റെ വിശദീകരണം.
നെല്ലൈപ്പാര്‍ ക്ഷേത്രത്തിന് സമീപത്തെ ഫാന്‍സി സ്റ്റോറിലാണ് സന്ധ്യ ജോലിചെയ്തിരുന്നത്. ഇതിനിടെയാണ് 17-കാരനുമായി പ്രണയത്തിലായത്. അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞു. ഇതോടെ ബന്ധത്തില്‍നിന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. വീട്ടുകാരുടെ നിര്‍ദേശമനുസരിച്ച് സന്ധ്യയും 17-കാരനുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. ഇനി തന്നെ വിളിക്കാന്‍ ശ്രമിക്കരുതെന്നും എല്ലാം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, 17-കാരന്‍ ഇതിന് കൂട്ടാക്കിയില്ല. ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പിന്തുടര്‍ന്ന് ശല്യപ്പെടുത്തി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ സന്ധ്യ ഫാന്‍സി സ്റ്റോറിലെ ഗോഡൗണിലേക്ക് പോയിരുന്നു. ഈ സമയം പ്രതിയും പെണ്‍കുട്ടിയെ രഹസ്യമായി പിന്തുടര്‍ന്നു. തുടര്‍ന്ന് ഗോഡൗണിനുള്ളിലിട്ട് പ്രതി പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു. ഗോഡൗണിലേക്ക് പോയി ഏറെനേരം കഴിഞ്ഞിട്ടും സന്ധ്യ തിരികെവരാത്തതിനാല്‍ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഗോഡൗണിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
Content Highlights: tirunelveli girl killed by 17 year old boy arrested
Published: 04 Oct 2023, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented