തൃശ്ശൂര്‍: അവണൂരില്‍ ഗൃഹനാഥനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തി. അവണൂര്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്ര(58)നെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ മയൂര്‍നാഥു(25)മായി ചൊവ്വാഴ്ച തെളിവെടുത്തത്. ശശീന്ദ്രന്റെ വീട്ടിലെ വിവിധഭാഗങ്ങളില്‍ പോലീസ് സംഘം പ്രതിയെ എത്തിച്ച് തെളിവ് ശേഖരിച്ചു. വീടിന്റെ മുകള്‍നിലയിലുള്ള മയൂര്‍നാഥിന്റെ ലാബിലും പരിശോധന നടത്തി. 

To advertise here,

അച്ഛനോടുള്ള വൈരാഗ്യം കാരണമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ആയുര്‍വേദ ഡോക്ടറായ മയൂര്‍നാഥിന്റെ പ്രാഥമിക മൊഴി. അച്ഛനെ മാത്രമാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും മറ്റാരെയും അപായപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

ഞായറാഴ്ചയാണ് രക്തം ഛര്‍ദിച്ച് അവശനിലയിലായ ശശീന്ദ്രന്‍ മരിച്ചത്. വീട്ടില്‍നിന്ന് ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ച് പുറത്തേക്ക് പോയതിന് പിന്നാലെയായിരുന്നു സംഭവം.ഇതിനുപിന്നാലെ ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, ഇവരുെട വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച തെങ്ങുകയറ്റത്തൊഴിലാളികളായ ചന്ദ്രന്‍, ശ്രീരാമചന്ദ്രന്‍ എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ സംഭവം ഭക്ഷ്യ വിഷബാധയാണെന്നായിരുന്നു സംശയം. എന്നാല്‍ ഡോക്ടര്‍മാരും വിദഗ്ധരും ഈ സാധ്യത തള്ളി. തുടര്‍ന്നാണ് മയൂര്‍നാഥിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. 

എല്ലാവരും വീട്ടില്‍നിന്ന് ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചപ്പോള്‍ മയൂര്‍നാഥ് മാത്രം ഇത് കഴിച്ചിരുന്നില്ല. വയറിന് സുഖമില്ലാത്തതിനാലാണ് താന്‍ കഴിക്കാതിരുന്നതെന്നായിരുന്നു ഇയാള്‍ ആദ്യം നല്‍കിയ മൊഴി. ഇതിനിടെ, ശശീന്ദ്രന്റെ മരണത്തിന് പിന്നാലെ പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് പറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങിയതും സംശയത്തിനിടയാക്കി. 

വീട്ടിലെ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തനിക്കും വയറുവേദനയുണ്ടെന്ന് പറഞ്ഞ് മയൂര്‍നാഥ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് ഡിസ്ചാര്‍ജ് ആയി ശശീന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. 

ശശീന്ദ്രന്റെ ആദ്യഭാര്യയിലെ മകനാണ് മയൂര്‍നാഥ്. മയൂരിന്റെ അമ്മ 15 വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തു. ഇതിനുശേഷമാണ് ശശീന്ദ്രന്‍ ഗീതയെ വിവാഹം കഴിച്ചത്. ഇതേത്തുടര്‍ന്ന് അച്ഛനോടും രണ്ടാനമ്മയോടും ഇയാള്‍ക്ക് പകയുണ്ടായെന്നാണ് പോലീസ് പറയുന്നത്. 

പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന മയൂര്‍നാഥിന് എം.ബി.ബി.എസിന് സീറ്റ് കിട്ടിയിരുന്നെങ്കിലും ഇത് വേണ്ടെന്നുവെച്ചാണ് ബി.എ.എം.എസ്. തിരഞ്ഞെടുത്തത്. തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കി ആയുര്‍വേദ ഡോക്ടറായി. ഇതിനൊപ്പം വീടിന്റെ മുകള്‍നിലയില്‍ സ്വന്തമായി ലാബും ഉണ്ടായിരുന്നു. മരുന്നുകളടക്കം ഇവിടെ നിര്‍മിച്ചിരുന്നതായാണ് വിവരം. അച്ഛനെ വകവരുത്താന്‍ ഉപയോഗിച്ച വിഷവും സ്വന്തമായി ലാബില്‍ നിര്‍മിച്ചതാണെന്നാണ് പ്രതി നല്‍കിയ മൊഴി. ഇതിനുവേണ്ട ചേരുവകള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തുവരുത്തുകയായിരുന്നു. സ്വന്തമായി നിര്‍മിച്ച വിഷം പിന്നീട് കടലക്കറിയിലാണ് കലര്‍ത്തിയത്. ഇത് കഴിച്ചതിന് പിന്നാലെയാണ് ശശീന്ദ്രന്‍ രക്തം ഛര്‍ദിച്ച് മരിച്ചത്.