പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 51.750 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് 25.88 ലക്ഷം രൂപ വിപണി മൂല്യമുള്ള ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്.

To advertise here,

ട്രെയിനുകൾ മാർഗ്ഗം കേരളത്തിലേക്ക് വൻതോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പാലക്കാട്, തൃശൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിവരികയായിരുന്നു.

ബുധനാഴ്ച റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെ ചില ട്രെയിനുകൾ പുറപ്പെട്ടതിനു ശേഷം പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 5 ബാക്ക്‌പാക്ക് ബാഗുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാഗുകൾ ഉപേക്ഷിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആർ.പി.എഫിന്റെ പിന്തുണയോടെ കസ്റ്റംസ് സംഘം ബാഗുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ഓരോ ബാഗിലും ഏകദേശം 2 കിലോഗ്രാം വീതം തൂക്കമുള്ള 5 പാക്കറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. പച്ച നിറത്തിലുള്ള പോളിത്തീൻ കവറുകളിൽ സൂക്ഷിച്ച കഞ്ചാവ് പാക്കറ്റുകൾ ബ്രൗൺ കളർ അഡ്ഹസീവ് ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. പരിശോധനയിൽ നിന്ന് തപ്പിച്ചുപോകുന്നതിനും എളുപ്പത്തിൽ കൈമാറുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ പാക്ക് ചെയ്തിരുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ കഞ്ചാവ് അടങ്ങിയ ബാഗുകൾ പിടിച്ചെടുക്കുകയും തുടർന്നുള്ള നിയമനടപടികൾക്കായി കേസ് സെഷൻസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സംഭവത്തിൽ ലഹരി കടത്താൻ ശ്രമിച്ച പ്രതികളെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.