തിരുവനന്തപുരം: പതിനാറുകാരനെ ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന കേസിൽ വിശദ അന്വേഷണവുമായി പോലീസ്. 2019-ലെ കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ ചോദ്യം ചെയ്യപ്പെട്ട കന്യാകുളങ്ങര സ്വദേശിക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കുന്നു.
കേസിലെ പ്രതിയായ യുവതിയുടെ സുഹൃത്തിന്റെ സഹോദരനാണിയാൾ. നിലവിൽ യുഎപിഎ ചുമത്തിയ കേസ് ദേശീയാന്വേഷണ ഏജൻസിക്ക് വിടാൻ പോലീസ് മേധാവി ശുപാർശ ചെയ്തേക്കും.
കുട്ടിയെ നിർബന്ധിച്ചത് അമ്മ നാട്ടിലെത്തിയപ്പോൾ
നെടുമങ്ങാട് സ്വദേശിയായ യുവതി മതംമാറിയാണ് പന്തളം സ്വദേശിയെ വിവാഹംചെയ്തത്. തുടർന്ന് നഴ്‌സായി ജോലി ലഭിച്ച് ഭർത്താവിനൊപ്പം ഇംഗ്ലണ്ടിൽ താമസമാക്കി. അവിടെവച്ചാണ് വെമ്പായം സ്വദേശിയെ പരിചയപ്പെട്ടതും ഇവരുടെ വീട്ടിൽ അയാളും താമസം തുടങ്ങിയതും.
വെമ്പായം സ്വദേശിയും യുവതിയും തമ്മിലുള്ള അടുപ്പവും അയാളുടെ തീവ്രവാദ ആഭിമുഖ്യവും യുവതിയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് വഴിവെച്ചു. ഭർത്താവ് നാട്ടിലേക്കുമടങ്ങുകയും ചെയ്തു. പിന്നീട് യുവതി പ്രസവത്തിനായി നാട്ടിലെത്തിയപ്പോൾ കുട്ടിയും യുവതിയുടെ സുഹൃത്തും മാത്രമാണ് ഇംഗ്ലണ്ടിലുണ്ടായിരുന്നത്. ആ സമയത്താണ് സുഹൃത്ത് കുട്ടിയെ ഐഎസിൽ ചേരാൻ നിർബന്ധിച്ചതെന്നാണ് പോലീസിന് ലഭിച്ച മൊഴി. അമ്മയുള്ളപ്പോഴും കുട്ടിയെ തീവ്രവാദ ഗ്രൂപ്പിലെത്തിക്കാൻ സുഹൃത്ത് ശ്രമിച്ചിരുന്നെന്നും അമ്മ കൂട്ടുനിന്നുവെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.
നാട്ടിൽ സ്വീകരിച്ചയാൾ കനകമല കേസിൽ ചോദ്യംചെയ്യപ്പെട്ടയാൾ
പത്താംക്ലാസ് കഴിഞ്ഞ് നാട്ടിലെത്തിയ കുട്ടിയെ സ്വീകരിച്ചത് യുവതിയുടെ ഇംഗ്ലണ്ടിലെ സുഹൃത്തിന്റെ സഹോദരനായിരുന്നു. ഇയാളെ നേരത്തേ കനകമല കേസിൽ ചോദ്യംചെയ്തിരുന്നുവെന്നാണ് വിവരം. ഇയാൾ കുട്ടിയെ ആറ്റിങ്ങലിന് സമീപത്തെ അനാഥാലയത്തിൽ എത്തിച്ചു. കുട്ടിയിൽ സ്വഭാവമാറ്റം കണ്ട് അനാഥാലയം അധികൃതർ കുട്ടിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു.
അദ്ദേഹം വെഞ്ഞാറമൂട്ടിലെത്തി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് കുട്ടിയുടെ മൊഴിയെടുത്തത്. കുട്ടി ഇപ്പോൾ പിതാവിന്റെ ബന്ധുക്കളുടെ സംരക്ഷണയിലാണ്.
യുവതിയുടെ സുഹൃത്ത് കുട്ടിയെ തീവ്രവാദികളുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നുവെന്ന് സംശയിക്കത്തക്ക മൊഴികളുണ്ടെന്നും വിവരമുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്‌പി അന്വേഷിക്കുന്ന കേസിൽ തീവ്രവാദവിരുദ്ധ സ്ക്വാഡും വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. എൻഐഎയും വിവരങ്ങൾ ശേഖരിച്ചു.
അതേസമയം, മകളെ ഉപദ്രവിച്ചുവെന്ന് കുട്ടിക്കെതിരേ നേരത്തേ യുവതി വെഞ്ഞാറമൂട്ടിൽ ഒരു പരാതി നൽകിയിരുന്നതായും വിവരമുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് യുവതിക്കും സുഹൃത്തിനുമെതിരേ കുട്ടി പരാതി നൽകാൻ കാരണമെന്ന് യുവതി പോലീസിനെ അറിയിച്ചതായും വിവരമുണ്ട്.
Content Highlights: Teenager Allegedly Forced to Join ISIS: Kerala Police Launch Probe into International Links
Published: 20 Nov 2025, 11:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented