
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ബിസിനസ് പ്രോസസ് ഔട്ട്സോഴ്‌സിംഗ് (BPO) കേന്ദ്രത്തിൽ നടന്ന ഗുരുതരമായ ലൈംഗികാതിക്രമങ്ങളെയും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളെയും കുറിച്ചുള്ള ആരോപണങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതിന്റെ മുഖ്യ ആസൂത്രകയായി പോലീസ് സംശയിക്കുന്നത് സ്ഥാപനത്തിലെ എച്ച്ആർ മാനേജർ നിദ ഖാനെ ആണ്. പരാതികൾ അടിച്ചമർത്താനും പ്രതികളെ രക്ഷിക്കാനും ഇവർ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു.
ഇരകളുടെ പരാതികൾ കമ്പനിക്കുള്ളിലെ ഉയർന്ന ഉദ്യോഗസ്ഥരിലേക്ക് എത്തിച്ചിരുന്നില്ലെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുള്ളതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പ്രതികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ട 'സംശയാസ്പദമായ' ഏകദേശം 78 കോൾ റെക്കോർഡുകളും ഇമെയിലുകളും ചാറ്റുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
ഇവർ തമ്മിലുള്ള ഒത്തുകളിയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. 'ഓഫീസിലെ POSH Committee അംഗമായിരുന്നിട്ടും, പരാതികൾ അടിച്ചമർത്താനും പ്രതികളെ സംരക്ഷിക്കാനുമാണ് എച്ച്ആർ മാനേജർ നിദ ഖാൻ ശ്രമിച്ചത്. ഈ സംഭവങ്ങളുടെ എല്ലാം പിന്നിൽ നിദ ഖാൻ ആണെന്നാണ് ഞങ്ങളുടെ പ്രാഥമിക നിഗമനം.' പോലീസ് പറയുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് ശേഷവും നാസിക് ശാഖയിലെ ഒരു അസിസ്റ്റന്റ് ജനറൽ മാനേജർ പ്രതികളിലൊരാളെ ബന്ധപ്പെട്ടതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു പുരുഷ ജീവനക്കാരന്റെ പരാതിയും ഉൾപ്പെടുന്നു. ദേവ്‌ലാലി ക്യാമ്പ് പോലീസ് സ്റ്റേഷനിൽ ഒരു കേസും മുംബൈ നാക്ക പോലീസ് സ്റ്റേഷനിൽ എട്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡാനിഷ് ഷെയ്ഖ് ഉൾപ്പെടെയുള്ള പല പ്രതികളും നിലവിൽ നാസിക് റോഡ് ജയിലിലാണ് ഉള്ളത്. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് സ്ഥാപനത്തിലെ ജീവനക്കാർ പോലീസുമായും മാധ്യമങ്ങളുമായും പങ്കുവെച്ചിട്ടുള്ളത്. തനിക്ക് കുട്ടികളില്ലാത്തതിനെക്കുറിച്ച് പ്രതികളിലൊരാൾ അങ്ങേയറ്റം വ്യക്തിപരമായ അധിക്ഷേപം നടത്തിയതായി ടിസിഎസ് നാസിക് ശാഖയിലെ ഒരു ജീവനക്കാരൻ ആരോപിച്ചു. ചികിത്സയ്ക്ക് ശേഷവും ഭാര്യ ഗർഭിണിയാകാത്തതിനാൽ, കുട്ടികൾ വേണമെന്നുണ്ടെങ്കിൽ 'നിന്റെ ഭാര്യയെ എന്റെ അടുത്തേക്ക് അയക്ക്' എന്നുപറഞ്ഞാണ് ടീം ലീഡർ പറഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'ഞാൻ അവരെ അവഗണിക്കാൻ തുടങ്ങിയപ്പോൾ, അവർ എനിക്കെതിരെ ഹെഡ് ഓഫീസിലേക്ക് തെറ്റായ റിപ്പോർട്ടുകൾ അയക്കാൻ തുടങ്ങി. അവർ വിവിധ രീതികളിൽ എന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. ഓഫീസിൽ അവർ മതപരിവർത്തനത്തിന് ശ്രമിക്കുകയാണെന്ന് എനിക്ക് മനസ്സിലായി, അതിനാൽ ഞാൻ അവരെ എതിർത്തു. ഇത് അവരെ പ്രകോപിപ്പിച്ചു, അവർ എന്നെയും മറ്റുള്ളവരെയും മനഃപൂർവ്വം ഉപദ്രവിച്ചു.' ജീവനക്കാരൻ പറയുന്നു.
'എനിക്ക് കുട്ടികളില്ലാത്തതിനാൽ, എന്റെ ടീം ലീഡർ തൗസീഫ് അത്താറും സഹപ്രവർത്തകൻ ഡാനിഷ് ഷെയ്ഖും വ്യക്തിപരമായ പരാമർശങ്ങൾ നടത്തുകയും ഭാര്യയെ അവരുടെ അടുത്തേക്ക് അയക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഒരു തർക്കത്തിനിടെ, തൗസീഫ് ദേഷ്യത്തോടെ എന്റെ നേരെ ഫാൻ എറിയുകയും എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാൻ ഇത് എച്ച്ആറിനെ അറിയിച്ചു. പക്ഷേ ഫലമൊന്നും ഉണ്ടായില്ല.' അദ്ദേഹം കൂട്ടിച്ചേർത്തു.
'ഒരിക്കൽ ഓഫീസിലെ ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് എന്റെയടുത്ത് വന്നു. തൗസീഫും ഡാനിഷും മോശമായി പെരുമാറി എന്ന് പറഞ്ഞു. ചില സമയങ്ങളിൽ ജോലിസമയത്തിന് ശേഷവും സ്ത്രീകളോട് ഓഫീസിൽ തുടരാൻ അവർ നിർബന്ധിക്കാറുണ്ട്.' ജീവനക്കാരൻ പറയുന്നു. 23-കാരിയായ ആദ്യ പരാതിക്കാരിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്‌ഐആറിലും സമാനമായ കാര്യങ്ങൾ പറയുന്നുണ്ട്. ഡാനിഷ് തന്നെ ബലംപ്രയോഗിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നും അയാളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇവരെ എതിർത്തതിന് ഒരു ജീവനക്കാരിയെ ഓഫീസിന്റെ റൂഫ്‌ടോപ്പിൽ ഒറ്റയ്ക്കിരുത്തി ജോലി ചെയ്യിച്ചതായും പരാതിയുണ്ട്. 20-നും 25-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് അവർ ലക്ഷ്യമിട്ടിരുന്നതെന്നും അവരെ 'സോഫ്റ്റ് ടാർഗറ്റ്' എന്നാണ് വിളിച്ചിരുന്നതെന്നും പരാതിക്കാർ പറയുന്നു. സ്ഥാപനത്തിലെ യുവാക്കളോട് അവിടെയുള്ള ഹിന്ദു പെൺകുട്ടികളെ പ്രേമിക്കാനും അവരെ വിവാഹം കഴിക്കാനും നിർബന്ധിച്ചിരുന്നതായും പോലീസിന് നൽകിയ പരാതികളിൽ ജീവനക്കാർ വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ സംഭവത്തെത്തുടർന്ന്, നാസിക് ടിസിഎസ് കേസിന് സമാനമായ രീതിയിൽ പീഡനത്തിന് ഇരയായവർക്കായി ഒരു ഹെൽപ്പ് ലൈൻ നമ്പർ ആരംഭിക്കുന്നത് മഹാരാഷ്ട്ര സർക്കാർ പരിഗണിച്ചുവരികയാണ്. 'വിവിധ പ്ലാറ്റ്ഫോമുകളിലൂടെയും ഹിന്ദു സംഘടനകളിലൂടെയും ആളുകൾ ഞങ്ങളെ ബന്ധപ്പെടുന്നുണ്ട്. പല കമ്പനികളിലും ജീവനക്കാർ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും അവർ മുന്നോട്ട് വരണമെന്നുമാണ് അറിയാൻ കഴിയുന്നത്.' കാബിനറ്റ് മന്ത്രി നിതേഷ് റാണെ പറഞ്ഞു.
'ഇരകളായവർക്കോ ഇത്തരം സാഹചര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നവർക്കോ ഞങ്ങളെ ബന്ധപ്പെടുന്നതിനും ഉടനടി സഹായം ലഭ്യമാക്കുന്നതിനുമായി ഒരു ഹെൽപ്പ് ലൈൻ നമ്പർ ആരംഭിക്കുന്നതിനെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഈ ഓഫീസ് താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനി ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Content Highlights: TCS Nashik employee reports severe workplace harassment and forced religious conversion attempts. SIT investigation finds evidence of HR suppression and suspicious communication records. Multiple cases registered against accused individuals currently in judicial custody. Maharashtra government planning a dedicated helpline for corporate workplace exploitation.
Published: 16 Apr 2026, 04:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented