മൈസൂരു: കർണാടകത്തിൽ ദളിത് സ്ത്രീ വെള്ളംകുടിച്ച കുടിവെള്ളടാങ്ക് ഗോമൂത്രമുപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാർ. ചാമരാജനഗറിലെ ഹെഗ്ഗോതറ ഗ്രാമത്തിലാണ് സംഭവം.

To advertise here,

ഗ്രാമത്തിലെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ എച്ച്.ഡി. കോട്ടയിലെ സ്ത്രീയാണ് കുടിവെള്ളടാങ്കിനോടുചേർന്ന പൈപ്പിൽനിന്ന് വെള്ളം കുടിച്ചത്. ഇതുകണ്ട പ്രദേശത്തെ ഏതാനും ഇതരജാതിക്കാർ സ്ത്രീയെ ശകാരിച്ചു. സ്ത്രീ ഗ്രാമത്തിൽനിന്ന് പോയശേഷം ഇവർ പൈപ്പുതുറന്ന് ടാങ്കിലെ വെള്ളം പൂർണമായി ഒഴുക്കിക്കളഞ്ഞു. ഇതിനുശേഷം ഗോമൂത്രമുപയോഗിച്ച് ടാങ്ക് വൃത്തിയാക്കി. ടാങ്ക് വൃത്തിയാക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.

സംഭവത്തിൽ അന്വേഷണംനടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹികക്ഷേമവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർക്ക് നിർദേശംനൽകിയിട്ടുണ്ടെന്ന് ചാമരാജനഗർ തഹസിൽദാർ ഐ.ഇ. ബസവരാജ് പറഞ്ഞു.