മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ‘തായ്ഗോൾഡ്’ ഹൈബ്രിഡ് കഞ്ചാവു കടത്തുന്ന രാജ്യാന്തര ലഹരി കടത്തുസംഘത്തിന്റെ തലവനടക്കം രണ്ടുപേർ പിടിയിലായി. സംഘത്തലവൻ കണ്ണൂർ കാഞ്ഞിരോട് തലമുണ്ട ദാർ അൽ അബറാർ വീട്ടിൽ ജാസിർ അബ്ദുള്ള (ഡേവിഡ്-27), കണ്ണൂർ പിണറായി പാതിരിയാട് ഫാത്തിമ്മാസ് വീട്ടിൽ മുഹമ്മദ് റാഷിദ് (24) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.

To advertise here,

ജാസിറിനെ മുംബൈ വിമാനത്താവളത്തിൽനിന്നും റാഷിദിനെ പിണറായിയിലെ വീട്ടിൽനിന്ന് ദുബായിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുമാണ് പിടികൂടിയത്. ഒരാഴ്ച മുൻപ് കരിപ്പൂർ വിമാനത്താവള പരിസരത്തെ ലോഡ്ജിൽനിന്ന് കണ്ണൂർ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം രൂപ വിലവരുന്ന 4.8 കിലോഗ്രാമോളം തായ് ഗോൾഡുമായി പിടികൂടിയിരുന്നു. വിദേശത്തേക്ക് കടത്താൻ ട്രോളി ബാഗിൽ ഇത് നിറയ്ക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യംചെയ്തതിൽ വയനാട് സ്വദേശിയായ ഡെന്നിയുടെ പങ്ക് വ്യക്തമായി. തുടർന്ന് വയനാട്ടിലെ വീട്ടിൽനിന്ന് ഡെന്നിയെയും പിടിച്ചു.

ജില്ലയിൽ ആദ്യമായാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തായ്‌ലൻഡിൽനിന്നോ ബാങ്കോക്കിൽനിന്നോ ഇവിടെ എത്തിക്കുന്ന തായ്ഗോൾഡ് പിന്നീട് കാരിയർമാർ മുഖേന വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായത്.

സ്വർണം കടത്താൻ വിളിക്കും; ബാഗിൽ ലഹരിമരുന്ന് നിറയ്ക്കും

: മലപ്പുറം ജില്ലയിലേതടക്കം നിരവധി മലയാളികൾ ലഹരിക്കടത്തുമായായി ബന്ധപ്പെട്ട് വിദേശത്ത് ജയിലിൽ കഴിയുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് വിവരംലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം നിരീക്ഷിച്ചാണ് പ്രതികളെ ലഹരിമരുന്നുമായി പിടികൂടിയത്. വിദേശത്തുനിന്ന് സ്വർണം കടത്താൻ കാരിയർമാരായാൽ നല്ല പ്രതിഫലം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഇരകളെ കണ്ടെത്തുന്ന സംഘം ഇവർ അറിയാതെ ബാഗുകളിൽ ലഹരിമരുന്ന് നിറച്ച് വിദേശത്തേക്ക് കടത്തുകയാണ് പതിവ്.

പിടിക്കപ്പെട്ടവർ വർഷങ്ങളായി അവിടെ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. പിടിയിലായ ഡെന്നി ഫെബ്രുവരിയിൽ ബാങ്കോക്കിൽനിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് ലഹരിമരുന്ന്‌ കടത്താൻ ശ്രമിക്കുന്നതിനിടെ എറണാകുളത്ത് കസ്റ്റംസിന്റെ പിടിയിലായിരുന്നു. രണ്ടു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും ലഹരിക്കടത്തിൽ സജീവമാവുകയായിരുന്നു.

ജില്ലാ പോലിസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി. സിദ്ദിഖ്, കരിപ്പൂർ ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ് ഒളരിയൻ, ഷബീർ, സബീഷ്, സുബ്രഹ്മണ്യൻ എന്നിവരും കരിപ്പൂർ സ്റ്റേഷൻ എസ്.ഐ. ഷാജി, സി.പി.ഒ. യു. ഷബീറലിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.