സുൽത്താൻബത്തേരി: ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക് കൂലിക്ക് പകരം മദ്യംനൽകി ചൂഷണംചെയ്ത കേസിൽ പ്രതി അറസ്റ്റിലായി. വടുവൻചാൽ കോട്ടൂർ സ്വദേശി തകിടിയിൽ ടി.ജി. എൽദോ ആണ് പിടിയിലായത്. എക്‌സൈസ് ബത്തേരി റെയ്ഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എം.ബി. ഹരിദാസനും സംഘവും കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് പ്രതിയുടെ പേരിൽ കേസെടുത്തിരുന്നത്. തുടർന്ന് ഒളിവിൽപ്പോയ പ്രതി ഒൻപതു മാസത്തിനുശേഷമാണ് പിടിയിലായത്.

To advertise here,

ഫെബ്രുവരി ഒന്നിന് ഡ്രൈ ഡേ ദിനത്തിൽ അമ്പലവയൽ, വടുവൻചാൽ, തമിഴ്നാട് അതിർത്തിഭാഗമായ കോട്ടൂരിൽ അനധികൃത വിൽപ്പനയ്ക്കായി വാങ്ങിസൂക്ഷിച്ച മദ്യം കണ്ടെടുക്കുകയായിരുന്നു.

അന്വേഷണത്തിൽ പ്രതി സ്ഥിരമായി ആദിവാസികൾ ഉൾപ്പെടെയുള്ളവരെ ചൂഷണംചെയ്ത് അനധികൃത മദ്യവിൽപ്പന നടത്തുന്നതായും ആദിവാസി യുവാക്കളെക്കൊണ്ട് പണിയെടുപ്പിച്ച് കൂലിക്ക് പകരം മദ്യംനൽകുന്നതായും കണ്ടെത്തി. പ്രതി മുൻപും അബ്കാരി കേസുകളിൽ പ്രതിയായിട്ടുണ്ട്. തമിഴ്‌നാട് അതിർത്തിയായതിനാൽ എക്‌സൈസിന്റെ നീക്കം നോക്കി രക്ഷപ്പെട്ട് വന്നിരുന്ന എൽദോയേ ബുധനാഴ്ച തന്ത്രപരമായി പിടികൂടുകയായിരുന്നു.

ബത്തേരി റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തും സംഘവും അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുകേഷ് കുമാർ വണ്ടി ചാലിൽ, പ്രിവ. ഓഫീസർമാരായ മനോജ് കുമാർ, രജീഷ് രായരോത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.വി. രാജീവൻ, കെ. അജയ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ എൻ.എം. അൻവർ സാദത്ത് എന്നിവരും ഉണ്ടായിരുന്നു.