പഞ്ചാബ്: ആം ആദ്മി പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങൾക്കുനേരെ രണ്ട് വ്യത്യസ്ത വെടിവെപ്പ് ആക്രമണങ്ങൾ. പഞ്ചാബിൽ മോഗയിൽ പകൽസമയത്താണ് ആക്രമണം നടന്നത്. പാർട്ടി സർപഞ്ചിന്റെ വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടാമത് നടന്ന ആക്രമണത്തിന് എഎപി സർപഞ്ചിന്റെ ഭർത്താവാണ് ഇരയായത്.

To advertise here,

മോഗയിലെ ബാഗാ പുരാനയിൽ മാർക്കറ്റിൽവെച്ച് സർപഞ്ചിന്റെ വാഹനം അക്രമികൾ വളയുകയായിരുന്നു. വാഹനം അടിച്ചുതകർക്കുകയും വെടിയുതിർക്കുകയും ചെയ്തു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഇതുവരെ അക്രമികളെ തിരിച്ചറിയാനായിട്ടില്ല. ബാഗാ പുരാന മുനിസിപ്പൽ കൗൺസിൽ ഇലക്ഷന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ആക്രമണം.

ചൊവ്വാഴ്ചയാണ് തർൺ തരൺ ജില്ലയിൽ വെടിവെപ്പുണ്ടായത്. എഎപി സർപഞ്ച് മൻജിത് കൗറിന്റെ ഭർത്താവ് സുഖ്ബീർ സിങ്ങിനുനേരെയായിരുന്നു ആക്രമണം. ദമ്പതികൾ തർൺ തരൺ ഭാഗത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ഇവരെ തടഞ്ഞുനിർത്തുകയും ബൈക്കിൽ ഇടിക്കുകയും ചെയ്തു. ശേഷം വെടിയുതിർക്കുകയുയായിരുന്നെന്ന് പോലീസ് പറഞ്ഞു.

മംഗൾ സിങ്, ഉധം സിങ് എന്ന ഉദയ് എന്നിവരാണ് ആക്രമണം നടത്തിയത്. മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ അമൃത്പാൽ സിങ്ങിനെക്കുറിച്ച് സുഖ്ബീർ സിങ് വിവരം നൽകിയിരുന്നു. ഇതു മൂലമുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. മയക്കുമരുന്ന് കടത്തിനെതിരെ പോലീസിന് വിവരം നൽകുന്നവരുടെ സുരക്ഷയെക്കുറിച്ച് പ്രതിപക്ഷ നേതാക്കളും നേരത്തേ ആശങ്ക ഉന്നയിച്ചിരുന്നു.

സംഭവത്തിൽ സദർ പോലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.