പട്ടാമ്പി: മേയാൻവിട്ട പോത്ത് പിക്കപ്പ് വാഹനത്തിൽ. ഒപ്പമൊരു യുവാവും. ഉടൻതന്നെ മേയാൻവിട്ട സ്ഥലത്ത് പരിശോധന നടത്തി. പിന്നാലെ സാമൂഹികമാധ്യമംവഴി ഓൾ കേരള കാറ്റിൽ മർച്ചന്റ്‌സ് വെൽഫെയർ അസോസിയേഷനെ വിവരമറിയിച്ചു. അങ്ങനെ ചന്തയിലെ വില്പനതടഞ്ഞ് മോഷ്ടാവിനെയും പിടികൂടി.

To advertise here,

പട്ടാമ്പി കിഴായൂർ സ്വദേശി അഷറഫിന്റെ പോത്താണ് മോഷണംപോയത്. കുന്നംകുളം ചിറമനേങ്ങാട് റഹ്നാസ് (22) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസമാണ് സംഭവം. നമ്പ്രത്ത് പുല്ലും വെള്ളവും കഴിച്ചുകൊണ്ടിരുന്ന പോത്തിനെ റഹ്നാസ് മോഷ്ടിക്കയായിരുന്നെന്ന് പോലീസ് പറയുന്നു. റെയിൽപ്പാളം വഴിയും ഇടവഴികളിലൂടെയും രണ്ടുകിലോമീറ്ററോളം നടന്ന് ഉമിക്കുന്നിൽ എത്തുകയും പിക്കപ്പ് വാഹനം വിളിച്ച് പോത്തിനെക്കയറ്റി വാണിയംകുളം ചന്തയിലേക്ക് പോകാൻ ശ്രമിക്കയുമായിരുന്നെന്നും പറയുന്നു. മേലേ പട്ടാമ്പിയിൽവെച്ച് അഷറഫ് പോത്തിനെ ക്കണ്ടു. സംശയംതോന്നിയതോടെ പോത്തിനെ കെട്ടിയസ്ഥലത്തെത്തി പരിശോധിച്ചു. കാണാതായതോടെ ഓൾകേരള കാറ്റിൽ മർച്ചന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിൽ വാഹനത്തിന്റെ പേരുൾപ്പെടെ പോത്തിനെ നഷ്ടപ്പെട്ട വിവരം അറിയിച്ചു. പിന്നാലെ പട്ടാമ്പിപോലീസ് സ്റ്റേഷനിലെത്തി പരാതിയുംനൽകി.

വാണിയംകുളം ചന്തയിൽ പോത്തിന്റെ കച്ചവടം ഉറപ്പിക്കുന്നതിനിടെ കണ്ടെത്തി. റഹ്നാസിനെ നാട്ടുകാർ തടഞ്ഞുവെച്ചു. ഒറ്റപ്പാലംപോലീസ് സ്ഥലത്തെത്തി പിടികൂടിയശേഷം പട്ടാമ്പിപോലീസിന് കൈമാറി. പോത്തിനെയും സ്റ്റേഷൻവളപ്പിൽ എത്തിച്ചു.

റഹ്നാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാണിയംകുളം, പെരുമ്പിലാവ്, കുഴൽമന്ദം തുടങ്ങിയ കാലിച്ചന്തകളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ കാലികൾ മോഷണംപോയിരുന്നു. ഈ മോഷണങ്ങളിലും റഹ്നാസിന് പങ്കുണ്ടോയെന്ന് അന്വേഷിക്കയാണെന്ന് പട്ടാമ്പിപോലീസ് പറഞ്ഞു.