കാസർകോട്: ജില്ലയിലെ ശ്രീറാം ഫിനാൻസ് ശാഖയിൽ വൻ വായ്പത്തട്ടിപ്പ് നടക്കുന്നതായി ആരോപണം. മുൻപ് സ്ഥാപനത്തിൽ നിന്നും ലോൺ എടുത്ത് കൃത്യമായി അടച്ചുതീർത്ത സാധാരണക്കാരായ ഉപഭോക്താക്കളുടെ രേഖകൾ ദുരുപയോഗം ചെയ്താണ് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ പുതിയ വായ്പകൾ എടുത്തിരിക്കുന്നത്. തങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ വായ്പകൾ ഉണ്ടെന്ന വിവരം അറിയാതെ വലിയ സാമ്പത്തിക കെണിയിലാണ് പലരും വീണിരിക്കുന്നത്.

To advertise here,

മറ്റാവശ്യങ്ങൾക്കായി ബാങ്കുകളിൽ ലോണിനായി സമീപിക്കുമ്പോഴാണ് പലരും ഈ തട്ടിപ്പ് തിരിച്ചറിയുന്നത്. തങ്ങളുടെ സിബിൽ പരിശോധിക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയുടെ മൂന്നോളം ലോണുകൾ നിലവിലുള്ളതായി കാണിക്കുന്നു. നിലവിൽ വായ്പകൾ അടച്ചുതീർത്തവരും, തങ്ങൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലെന്ന് വിശ്വസിച്ചിരുന്നവരുമായ ഉപഭോക്താക്കൾക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.

തട്ടിപ്പിനിരയായ ഒരു ഉപഭോക്താവ് തന്റെ മുൻപത്തെ ഫോർ വീലർ വായ്പ കഴിഞ്ഞ മാസം പൂർണ്ണമായി അടച്ചുതീർത്തതായിരുന്നു. എന്നാൽ മറ്റൊരു ആവശ്യത്തിനായി ബാങ്കിൽ ബന്ധപ്പെട്ടപ്പോഴാണ് തങ്ങളുടെ പേരിൽ വൻ തുകയുടെ മൂന്ന് പുതിയ വായ്പകൾ നിലവിലുള്ളതായി കണ്ടെത്തിയത്. ഇതേക്കുറിച്ച് ചോദിക്കാൻ ശ്രീറാം ഫിനാൻസ് ഓഫീസിൽ എത്തിയപ്പോൾ ശാഖാ മാനേജർ സ്ഥലത്തുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന ജീവനക്കാരൻ ഇത് സോഫ്റ്റ്‌വെയർ അപ്‌ഡേഷന്റെയോ മറ്റോ സാങ്കേതിക തകരാറുകൾ കാരണം സംഭവിച്ചതാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ പരിഹരിക്കാമെന്നുമാണ് അറിയിച്ചത്. എന്നാൽ ഇത് എഴുതി നൽകാൻ അവർ തയ്യാറായില്ല.

ഈ വായ്പത്തട്ടിപ്പിന് ഇരയായവരിൽ ഭൂരിപക്ഷവും നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്ന സാധാരണക്കാരാണ്. മുൻപ് ലോൺ എടുക്കുമ്പോൾ സമർപ്പിച്ചിരുന്ന ആധാർ കാർഡ്, പാൻ കാർഡ്, ജാമ്യക്കാരുടെ വിവരങ്ങൾ, സ്ഥലത്തിന്റെ രേഖകൾ എന്നിവയെല്ലാം ധനകാര്യ സ്ഥാപനത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും അവ തിരികെ ചോദിച്ചപ്പോൾ റിക്വസ്റ്റ് എഴുതി നൽകിയാലേ തരാൻ പറ്റൂ എന്ന വിചിത്ര നിലപാടാണ് കമ്പനി സ്വീകരിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ സിബിൽ പ്രശ്നങ്ങൾ പരിഹരിച്ച് തങ്ങളുടെ രേഖകൾ തിരികെ നൽകാൻ കമ്പനി അധികൃതർ തയ്യാറായില്ലെങ്കിൽ ഉപഭോക്തൃ കോടതിയെ അടക്കം സമീപിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് ഇരകളുടെ തീരുമാനം.