യൂട്യൂബ് ഉൾപ്പെടെയുള്ള ന്യൂ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സാധാരണക്കാരെ ലക്ഷ്യമിട്ട് "പ്രധാനമന്ത്രി ലോൺ പദ്ധതി" എന്ന പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ട്. യാതൊരു ഈടുമില്ലാതെ 3 ലക്ഷം രൂപ വരെ എളുപ്പത്തിൽ വായ്പ ലഭിക്കുമെന്ന വാഗ്ദാനത്തോടെ സർക്കാർ മുദ്രകൾക്ക് സമാനമായ ചിഹ്നങ്ങളും ആകർഷകമായ തംബ്‌നെയിലുകളും ഉപയോഗിച്ച് നിർമ്മിച്ച സ്പോൺസർ ചെയ്ത പരസ്യങ്ങൾ വഴിയാണ് പ്രചാരണം.

To advertise here,

എന്നാൽ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണം

കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം അപേക്ഷിക്കുന്നവർക്കെല്ലാം 3 ലക്ഷം രൂപ വായ്പ ലഭിക്കുമെന്നും, ഇതിനായി ബാങ്കുകൾ സന്ദർശിക്കാതെ തന്നെ വീഡിയോയ്ക്ക് താഴെയുള്ള ലിങ്ക് വഴി അപേക്ഷിക്കാമെന്നുമാണ് തട്ടിപ്പുകാർ അവകാശപ്പെടുന്നത്. ഭാരത സർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും എല്ലാ ജനക്ഷേമ പദ്ധതികളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാകുന്ന ഔദ്യോഗിക പോർട്ടലായ മൈ സ്കീമിൽ https://www.myscheme.gov.in/ വിശദമായി പരിശോധിച്ചെങ്കിലും ഇങ്ങനെ ഒരു ലോൺ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും കണ്ടെത്താനായില്ല. കേന്ദ്ര സർക്കാർ ഇത്തരമൊരു വായ്പാ പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിൽ അതിനെ കുറിച്ച് വലിയ പരസ്യങ്ങൾ നൽകിയേനെ, മാത്രമല്ല പദ്ധതിയെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്തയും വരുമായിരുന്നു. എന്നാൽ ഇങ്ങനെയൊരു സ്കീമിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ല.

തുടർന്ന് നടത്തിയ വിശദപരിശോധനയിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയതായി കണ്ടെത്തി. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും സർക്കാർ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നത്.

ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആധാർ , പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ തുടങ്ങിയ സുപ്രധാന രേഖകൾ തട്ടിപ്പുകാർ കൈക്കലാക്കാനും അതുവഴി വ്യക്തിവിവരങ്ങൾ ചോരാനും സാധ്യതയുണ്ട്. ഇതിനുപുറമെ, ലോൺ അനുവദിക്കുന്നതിന് മുൻപായി 'പ്രോസസിംഗ് ഫീസ്' എന്നോ 'രജിസ്ട്രേഷൻ ചാർജ്' എന്നോ പറഞ്ഞ് ചെറിയ തുകകൾ ആവശ്യപ്പെടുകയും, പണം ലഭിച്ചാലുടൻ തട്ടിപ്പുകാർ അപ്രത്യക്ഷമാവുകയും ചെയ്യുന്നത് പതിവാണ്. ഇത്തരം ചതിക്കുഴികളിൽ അകപ്പെട്ടു പോകാതിരിക്കാൻ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾക്ക് 'gov.in' എന്ന് അവസാനിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക. ഏതെങ്കിലും തരത്തിലുള്ള വായ്പകൾ ആവശ്യമുള്ളവർ അടുത്തുള്ള ബാങ്ക് ശാഖയുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ഇത്തരത്തിലൊരു പദ്ധതി സർക്കാർ പുറത്തിറക്കിയിട്ടില്ല.