മംഗളൂരു: പണം വാരിയെറിഞ്ഞ് റോഹൻ സൽദാന ആഡംബര ബംഗ്ലാവുകൾ പണിതത് സസുഖം താമസിക്കാൻ മാത്രമായിരുന്നില്ല, വീട് കാട്ടി സമ്പന്നരെ ചതിക്കുകയായിരുന്നു ലക്ഷ്യം. പതിനായിരവും ലക്ഷങ്ങളൊന്നുമല്ല, കോടികളാണ് ഇയാൾ അതിസമ്പന്നരിൽനിന്ന് കവർന്നെടുത്തത്. 

To advertise here,

ആഡംബര ബംഗ്ലാവ് കാട്ടി വിശ്വാസം നേടുക, നിയമപരമായ നടപടിക്രമങ്ങൾ ഒരുക്കുക, തുടർന്ന് കോടികൾ തട്ടിയെടുത്ത ശേഷം അപ്രത്യക്ഷനാകുക. ഇതായിരുന്നു റോഹൻ സൽദാനയെന്ന നാൽപ്പത്തഞ്ചുകാരന്റെ രീതി. ഈ രീതിയിലാണ് മംഗളൂരു സ്വദേശിയായ ഇയാൾ ഒട്ടേറെ വ്യവസായികളെയും വ്യവസായ പ്രമുഖരെയും കബളിപ്പിച്ചത്. തട്ടിയെടുത്തതോ 500 കോടിയിലധികം രൂപ. ഇയാളെ മം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ ആഡംബര വസതിയിൽ റെയ്ഡ് നടത്തിയതോടെയാണ് രഹസ്യങ്ങൾ വെളിച്ചത്തായത്. അവിശ്വസനീയമാംവിധം കുറഞ്ഞ പലിശനിരക്കിൽ വലിയ വായ്പകൾ വാഗ്ദാനം ചെയ്യുകയായിരുന്ന റോഹന്റെ രീതി.  500 കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും ലാഭകരമായ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ഇയാൾ വാഗ്ദാനം ചെയ്തു.ഒരു ഉന്നത സാമ്പത്തിക വിദഗ്ദ്ധനായി അഭിനയിക്കുകയും വാക്ചാതുരിയാൽ ഇയാൾ ഇരകളെ വീഴ്ത്തുകയും ചെയ്യും. താൻ എങ്ങനെ അതിസമ്പന്നനായി മാറിയെന്ന് തെളിയിക്കാനായി ഇവരെ ജപ്പിനമോഗരുവിലുള്ള സ്വന്തം ബംഗ്ലാവിലേക്കു ക്ഷണിക്കും. 

ഇവിടെയെത്തിയാൽ ആരും അന്തം വിടും. വൻതോതിൽ പണം ചെലവിട്ടു നിർമ്മിച്ച ഇന്റീറിയറുകൾ, ഷാൻഡ്‌ലിയറുകൾ, മനോഹരമായ പൂന്തോട്ടങ്ങൾ... മായക്കാഴ്ച്ചയിൽ ഇര കൊത്തിയെന്നു കണ്ടാൽ അടുത്ത നീക്കമായി. വിശ്വാസം നേടിയെടുത്തു കഴിഞ്ഞാൽ 100 കോടിയും അതിലധികവും വായ്പ ഏർപ്പാടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യും.

സംശയം തോന്നാതിരിക്കാൻ, അയാൾ ഒരു പടി കൂടി കടന്ന്, പ്രദേശത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ പേരിൽ ഒരു വ്യാജ അഭിഭാഷകനെ പരിചയപ്പെടുത്തുകയും രേഖകളുടെ പരിശോധനയ്ക്കും മറ്റ് നിയമനടപടികൾക്കുമായി ആളുകളെ ഈ അഭിഭാഷകനുമായി ബന്ധപ്പെടുത്തുകയും ചെയ്യും.

തുടർന്ന്, രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിക്കുമായി പണം ആവശ്യപ്പെടും. ഇത് കോടികളോളം വരും. ചില സന്ദർഭങ്ങളിൽ 10 കോടി രൂപ വരെ ഇയാൾ വാങ്ങിയിരുന്നു. പണം കൈപ്പറ്റിയ ശേഷം, ഇരകളെ ഞെട്ടിച്ചുകൊണ്ട് ഒരു തുമ്പും അവശേഷിപ്പിക്കാതെ റോഹൻ സൽദാന അപ്രത്യക്ഷനാകും.

ഇയാളുടെ ബംഗ്ലാവിൽ നടത്തിയ പരിശോധനയിൽ, വിലകൂടിയ ഇന്റീരിയറുകൾക്ക് പുറമെ പലതും പോലീസ് കണ്ടെത്തി. പെട്ടെന്ന് അപ്രത്യക്ഷനാകാനും പൊതുദൃഷ്ടിയിൽനിന്ന് മാറി ദീർഘകാലം ഒളിവിൽ കഴിയാനും സഹായിക്കുന്ന തരത്തിൽ, അതിവിദഗ്ധമായി നിർമ്മിച്ച രഹസ്യഭാഗങ്ങളും ഒളിത്താവളങ്ങളും വീട്ടിലുണ്ടായിരുന്നു. അലമാരകളും വാർഡ്‌റോബുകളും രഹസ്യ അറകളിലേക്ക് നയിക്കുന്നതായിരുന്നു. ഇത് നിർണായക സമയങ്ങളിൽ ആരുടെയും കണ്ണിൽപ്പെടാതെ കഴിയാൻ അയാളെ സഹായിച്ചു.

സംശയാലുക്കളായ ഇടപാടുകാർ, അപ്രതീക്ഷിത സന്ദർശകർ, അല്ലെങ്കിൽ നിയമപാലകർ എന്നിവരിൽ നിന്ന് ഒഴിഞ്ഞുമാറാനും ഈ സംവിധാനം അയാളെ സഹായിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം പ്രതി 40-50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പറയപ്പെടുന്നു. എന്നാൽ വർഷങ്ങളായി നടത്തിയ തട്ടിപ്പുകളുടെ ആകെത്തുക ഇതിലും വളരെ കൂടുതലായിരിക്കാമെന്നാണ് നിഗമനം.

ഇയാൾക്കെതിരെ ഇതുവരെ മംഗളൂരുവിൽ രണ്ടും ചിത്രദുർഗയിൽ ഒന്നും ഉൾപ്പെടെ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാണക്കേടോ ഭയമോ കാരണം പരാതി നൽകാത്ത ഒട്ടേറെ ഇരകൾ ഇനിയുമുണ്ടാകാമെന്ന് അധികൃതർ സംശയിക്കുന്നു.