ന്യൂഡല്‍ഹി:  അഫ്താബിന്റെ വധഭീഷണിയെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പ് ശ്രദ്ധ വാല്‍ക്കര്‍ പോലീസിന് പരാതി എഴുതിനല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. മുംബൈ വസായ് പോലീസിന് നല്‍കിയ പരാതിയിലാണ് അഫ്താബ് തന്നെ കൊല്ലുമെന്നും മൃതദേഹം വെട്ടിനുറുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ശ്രദ്ധ പറഞ്ഞിരുന്നത്. 2020 നവംബര്‍ 23-ന് എഴുതിയ ഈ പരാതിയെക്കുറിച്ചും ഇതില്‍ വസായ് പോലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നതുസംബന്ധിച്ചും ഡല്‍ഹി പോലീസ് പരിശോധിച്ചുവരികയാണ്. 

To advertise here,

അഫ്താബ് തന്നെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ശ്രമിച്ചു. കൊല്ലുമെന്നും വെട്ടിനുറുക്കി കഷണങ്ങളാക്കി വലിച്ചെറിയുമെന്നും ഭീഷണിപ്പെടുത്തി. ആറുമാസമായി മര്‍ദിക്കുന്നു. പക്ഷേ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാല്‍ പോലീസില്‍ പരാതി നല്‍കാന്‍ തനിക്ക് ധൈര്യമുണ്ടായില്ലെന്നാണ് ശ്രദ്ധയുടെ പരാതിയിലുണ്ടായിരുന്നത്. ഇക്കാര്യമെല്ലാം അഫ്താബിന്റെ മാതാപിതാക്കള്‍ക്ക് അറിയാമെന്നും പരാതിയില്‍ പറയുന്നു. 

അതിനിടെ, ശ്രദ്ധയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി അഫ്താബ് പൂനെവാല കഴിഞ്ഞദിവസം കോടതിയില്‍ ഏറ്റുപറഞ്ഞിരുന്നു. എന്നാല്‍ ഇത് ആസൂത്രിതമായി ചെയ്തതെല്ലെന്നും പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ സംഭവിച്ചതാണെന്നുമായിരുന്നു അഫ്താബിന്റെ വാദം. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.