
കൊച്ചി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയുടെ ഇടപാടുകൾ വിശദമായി പരിശോധിക്കാൻ പോലീസ്. ചോദ്യംചെയ്യലിൽ ഷൈൻ നൽകിയ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മുറിയിലേക്ക് വരുന്നത് ഗുണ്ടകളാണെന്നു കരുതിയാണ് ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയതെന്ന മൊഴി പോലീസ് തള്ളിയിട്ടുണ്ട്. ഗുണ്ടകളാണെന്ന് കരുതിയെങ്കിൽ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ലെന്നാണ് അന്വേഷക സംഘം ചോദിക്കുന്നത്.
കേസിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു. ചിലരുടെ മൊഴികൾ രേഖപ്പെടുത്തിവരുകയാണ്. സിനിമാ മേഖലയിലുള്ളവർക്ക് ലഹരി ഇടപാടുകാരുമായുള്ള ബന്ധത്തെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല. ലഹരി ഇടപാടുകാരൻ ഷജീറിനായി അന്വേഷണം തുടരുകയാണ്. ആവശ്യമെങ്കിൽ ഷൈൻ ടോം ചാക്കോയെ വീണ്ടും വിളിപ്പിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഷൈൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. രാസപരിശോധനാ ഫലം വന്നതിനുശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവുകയുള്ളൂവെന്നും കമ്മിഷണർ പറഞ്ഞു.
അതേസമയം, തനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകൾ മാത്രമാണുള്ളതെന്നാണ് ഷൈൻ പറഞ്ഞിരിക്കുന്നത്. ഈ അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്റുകൾ ലഭിക്കാൻ ബാങ്ക് അധികൃതരെ പോലീസ് സമീപിച്ചിട്ടുണ്ട്. ഷൈനിന്റെ ഫോൺവിളി വിവരങ്ങളും അന്വേഷക സംഘം പരിശോധിച്ചുവരുകയാണ്. ലഹരി കച്ചവടക്കാരുമായി ഷൈൻ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടിൽ നിന്ന് 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഇത് ഓൺലൈൻ പേയ്മെന്റായാണ് നൽകിയത്. ഈ വിവരങ്ങളടക്കമാണ് പരിശോധിക്കുന്നത്. പണം ലഭിച്ച നമ്പറിന്റെ ഉടമകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ലഹരിക്കേസിൽ വിൻ സിയും ഷൈനും മൊഴി നൽകി
കൊച്ചി: സിനിമ സെറ്റിൽ ഒപ്പമുണ്ടായിരുന്ന നടൻ മോശമായി പെരുമാറിയെന്നും അയാൾ ലഹരി ഉപയോഗിച്ചിരുന്നുവെന്നുമുള്ള ആരോപണത്തിൽ നടി വിൻ സി ആഭ്യന്തര പരാതി പരിഹാര സമിതിക്കു മുന്നിൽ മൊഴി നൽകി. തിങ്കളാഴ്ച വൈകീട്ടാണ് എറണാകുളം പുല്ലേപ്പടിയിലുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിൽ എത്തി നടി മൊഴി നൽകിയത്. ആരോപണ വിധേയനായ നടൻ ഷൈൻ ടോം ചാക്കോയും വൈകീട്ട് ആറോടെ എത്തി മൊഴി നൽകി. പൊന്നാനിയിലെ ഷൂട്ടിങ്ങിനിടെ ഷൈൻ മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന വിൻ സിയുടെ പരാതിയാണ് സമിതി പരിശോധിച്ചത്. സിനിമയുടെ സംവിധായകൻ, ഛായാഗ്രാഹകൻ തുടങ്ങിയവരുടെയും മൊഴികൾ രേഖപ്പെടുത്തിയ ശേഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മോണിറ്ററിങ് കമ്മിറ്റിക്ക് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് അനുസരിച്ചായിരിക്കും തുടർ നടപടിയെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.
മയക്കുമരുന്നുകേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരേയുള്ള നടപടി ചർച്ച ചെയ്യാൻ ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേർന്നു. വിൻ സി ഫിലിം ചേംബറിനുൾപ്പെടെ പരാതി നൽകിയ സാഹചര്യത്തിൽ ഐസിസിയോട് റിപ്പോർട്ട് നൽകാൻ കമ്മിറ്റി നിർദേശിച്ചു.
മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ ജി. സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബി.ആർ. ജേക്കബ്, ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്, അമ്മ പ്രതിനിധികളായ ടിനി ടോം, കുക്കു പരമേശ്വരൻ, ദേവിചന്ദന, മറ്റ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Shine Tom Chacko Drug Case Update Police Investigation
Published: 22 Apr 2025, 06:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented