
കോഴിക്കോട്: താമരശ്ശേരി ഷിബില വധക്കേസിൽ എസ്ഐക്ക് സസ്പെൻഷൻ. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ. നൗഷാദിനാണ് സസ്പെൻഷൻ. യാസിറിനെതിരെ ഷിബില നൽകിയ പരാതി ഗൗരവത്തിൽ എടുക്കുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചു എന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഭർത്താവായ യാസിറിനെതിരേ കഴിഞ്ഞമാസം 20-ന് പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതിയുടെ പിതാവ് അബ്ദുൽ റഹ്മാൻ ആരോപിച്ചിരുന്നു.
ഏതെല്ലാം രീതിയിൽ വീഴ്ചപറ്റിയെന്ന് അന്വേഷണം നടത്താനായി ഒരു മേലുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പിആർഒ കൂടിയാണ് നൗഷാദ്. യാസിറിനെതിരായ പരാതിയുമായി നൗഷാദിനെയാണ് ഷിബില സമീപിച്ചത്. ഉമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ സുഹൃത്താണ് യാസിർ എന്നതടക്കമുള്ള കാര്യങ്ങൾ ഷിബില അന്ന് നൗഷാദിനോട് പറഞ്ഞിരുന്നു. എങ്കിലും ഇക്കാര്യം ഗൗരവത്തിലെടുക്കാനോ യാസിറിനെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ലെന്നാണ് ഷിബിലയുടെ കുടുംബം പരാതിപ്പെട്ടത്.
നൗഷാദിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ പൊലീസ് സഹായിച്ചില്ലെന്നായിരുന്നു ഷിബിലയുടെ പിതാവ് ശനിയാഴ്ച പറഞ്ഞത്. പോലീസിൽ പരാതി നൽകിയപ്പോൾ സ്റ്റേഷനിലേക്ക് രണ്ട് കുടുംബങ്ങളെയും വിളിപ്പിച്ചു. പിന്നീട് യാതൊരു നടപടിയും പോലീസ് എടുത്തില്ല. നടപടി എടുത്തിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു. പോലീസിൻ്റെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി കൊടുക്കുമെന്നും പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഷിബിലയുടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കക്കാട് നാക്കിലമ്പാട് അബ്ദുറഹ്‌മാന്റെ മകള്‍ ഷിബില(24)യെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍(26) കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ്ങില്‍ വച്ചാണ് പോലീസ് പിടികൂടിയത്.
Content Highlights: Thamarassery Grade SI Suspended in Shibila Murder Case
Published: 22 Mar 2025, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented