തിരുവനന്തപുരം: പോലീസിന്റെ സമഗ്രാന്വേഷണവും ഹാജരാക്കിയ ശക്തമായ തെളിവുകളുമാണ് ഷാരോണ്‍ വധക്കേസില്‍ പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാനിടയാക്കിയത്. ഗ്രീഷ്മയ്‌ക്കൊപ്പം ചോദ്യംചെയ്യലിനു ഹാജരായ ആയുര്‍വേദ ഫിസിയോതെറാപ്പിസ്റ്റായ അടുപ്പക്കാരി പോലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപ്പോയതോടെയാണ് ഗ്രീഷ്മയ്ക്കു കുറ്റം സമ്മതിക്കേണ്ടിവന്നത്. കൂടാതെ അന്വേഷണത്തിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ഗ്രീഷ്മയുടെ മരണമൊഴിയെടുത്ത ന്യായാധിപനോട് അവര്‍ കുറ്റസമ്മതം നടത്തിയതും പോലീസിനു കാര്യങ്ങള്‍ എളുപ്പമാക്കി. ആദ്യഘട്ടത്തില്‍ അന്വേഷണസംഘത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ച ഗ്രീഷ്മയ്ക്കു പിന്നീട് നടന്നതെല്ലാം പോലീസിനോടു പറയാതിരിക്കാനായില്ല.
വീട്ടിലേക്കു മടങ്ങണോ ജയിലില്‍ പോകണോ?
ഷാരോണ്‍ മരിച്ചതിനു പിന്നാലെയാണ് ഗ്രീഷ്മ, അമ്മ, ആയുര്‍വേദ ഫിസിയോതെറാപ്പിസ്റ്റായ ഒരു സ്ത്രീ എന്നിവരെ ചോദ്യംചെയ്യാനായി പോലീസ് വിളിപ്പിച്ചത്. ഗ്രീഷ്മയെയും ഫിസിയോതെറാപ്പിസ്റ്റിനെയും വെവേറെ ഇരുത്തിയാണ് ചോദ്യംചെയ്തത്. ഡിവൈ.എസ്.പി. കെ.ജെ.ജോണ്‍സണ്‍, എ.സി.പി. ടി.ഫറാഷ് എന്നിവരുടെ ചോദ്യംചെയ്യലില്‍ കളനാശിനി കഷായത്തില്‍ ചേര്‍ത്തുനല്‍കിയ കാര്യം ഗ്രീഷ്മ സമ്മതിച്ചിരുന്നില്ല. അതേസമയം, ഫിസിയോതെറാപ്പിസ്റ്റിനോട് 'വീട്ടില്‍ പോകണോ അതോ ജയിലില്‍ പോകണോ' എന്ന് ചോദിച്ചുകൊണ്ടാണ് എം.കെ.സുള്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്യല്‍ ആരംഭിച്ചത്.
എല്ലാ കാര്യങ്ങളും ഗ്രീഷ്മ പറഞ്ഞുവെന്നും ബാക്കി കാര്യങ്ങള്‍കൂടി പറയണമെന്നും ആവശ്യപ്പെട്ടതോടെ ഫിസിയോതെറാപ്പിസ്റ്റ് സംഭവങ്ങളെല്ലാം വള്ളിപുള്ളിവിടാതെ പറയുകയായിരുന്നു. ഗ്രീഷ്മയുടെ ജ്യൂസ് ചലഞ്ച് ഉള്‍പ്പെടെയുള്ള കൊലപാതകശ്രമം ഫിസിയോതെറാപ്പിസ്റ്റിനോടു അവര്‍ പറഞ്ഞിരുന്നു. പിന്നീട് ഇരുവരെയും ഇരുത്തി ചോദ്യംചെയ്തതിനു പിന്നാലെ ഗ്രീഷ്മയുടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
'ദൈവം അവശേഷിപ്പിച്ച തെളിവ്'
'ദൈവം അവശേഷിപ്പിക്കുന്ന തെളിവ്' എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍തന്നെ വിശേഷിപ്പിച്ച ജ്യൂസ് ചലഞ്ചിന്റെ വീഡിയോയാണ് പ്രധാനമായത്. അറുപതോളം പാരസീറ്റമോള്‍ ഗുളിക ചേര്‍ത്ത ജ്യൂസ് ഗ്രീഷ്മ ഷാരോണിനു നല്‍കിയിരുന്നു. ഈ ജ്യൂസ് ചലഞ്ചിന്റെ വീഡിയോ ചിത്രീകരിക്കേണ്ടെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഷാരോണ്‍ അതു ചെയ്തിരുന്നു. ഇതാണ് പോലീസിനു തുണയായിമാറിയത്.
രണ്ടായിരത്തോളം ചാറ്റുകള്‍
പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോള്‍ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്ത ഫോണുമായാണ് ഗ്രീഷ്മ എത്തിയത്. പിന്നീട് ശാസ്ത്രീയ വിശകലനത്തിലൂടെ വിവരങ്ങള്‍ പോലീസ് തിരിച്ചെടുത്തു. നാല് ദിവസംകൊണ്ടു കൈമാറിയത് രണ്ടായിരത്തോളം ചാറ്റുകള്‍. ഒരു മിനിറ്റിനുള്ളില്‍ നാല്പതോളം ചാറ്റുകള്‍. കൂടാതെ ഗ്രീഷ്മയുടെ ഇ-മെയില്‍ വിവരങ്ങള്‍, ഗൂഗിള്‍ സെര്‍ച്ചുകള്‍ എന്നിവയെല്ലാം പോലീസ് വീണ്ടെടുത്തു. യൂട്യൂബിലൂടെ കളനാശിനി ഉപയോഗം സംബന്ധിച്ച് ഗ്രീഷ്മ വിവരങ്ങള്‍ മനസ്സിലാക്കിയിരുന്നു.
ആത്മഹത്യാശ്രമത്തിനു പിന്നാലെ കുറ്റസമ്മതം
അന്വേഷണത്തിനിടെയാണ് ഗ്രീഷ്മ ബാത്ത്റൂം കഴുകുന്ന ലോഷന്‍ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതിനുപിന്നാലെ ഗ്രീഷ്മയില്‍നിന്ന് ഒരു ന്യായാധിപന്‍ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതില്‍, നടന്ന സംഭവങ്ങളെല്ലാം അവര്‍ സ്വമേധയാ തന്നെ വിശദീകരിച്ചത് അന്വേഷണസംഘത്തെ ഏറെ സഹായിച്ചു.
Content Highlights: sharon murder case Strong Evidence Leads to Conviction
Published: 21 Jan 2025, 07:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented