ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റാണി ബാലഗുരു (56) കൊല്ലപ്പെട്ട കേസിൽ പ്രതിയായ അതിഥിത്തൊഴിലാളിയെ പശ്ചിമബംഗാളിൽനിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടി. ബർധമൻ ജില്ലയിലെ റായ്ഗ്രാം വില്ലേജ് സ്വദേശി നായക് ദഫേദാർ (27) ആണ് അറസ്റ്റിലായത്.

To advertise here,

സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇടുക്കി എസ്.പി. ഡോ.എ.നസീം പറഞ്ഞു. നവംബർ 10-ന് രാവിലെ 11.30 ഓടെയാണ് ശാന്തൻപാറ വില്ലേജിലെ ചേരിയാർ എ.എൽ.ടി. കോളനി ഭാഗത്തുള്ള പറമ്പിൽ റാണിയെ മരിച്ചനിലയിൽ കണ്ടത്.

ചേരിയാർ ഏദൻതോട്ടത്തിലെ വീട്ടിൽ താമസിച്ചിരുന്ന റാണിയെ രണ്ട് ദിവസം മുൻപ് കാണാതായിരുന്നു. തല അറ്റുപോയ നിലയിലും വലതുകൈ അറ്റ് മാംസം നീക്കം ചെയ്യപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം. സംഭവദിവസം മുതൽ കാണാതായ നായക് ദഫേദാറിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദേശപ്രകാരം മൂന്നാർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അമൃത സതീപന്റെ മേൽനോട്ടത്തിൽ ദേവികുളം സർക്കിൾ ഇൻസ്പെക്ടർ കവിരാജൻ പി.എ., ശാന്തൻപാറ എസ്.ഐ. അനിൽകുമാർ കെ.പി. എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.

വിവിധ സംസ്ഥാനങ്ങളിലും പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള റെയിൽവേ റൂട്ടുകളിലും അന്വേഷണം വ്യാപിപ്പിച്ചു. നവംബർ എട്ടുമുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഒമ്പതിന് ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് കോർബ എക്സ്പ്രസിൽ കേരളം വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.

പശ്ചിമ ബംഗാളിലെത്തിയ ഇയാൾ നദിയ ജില്ലയിലെ ഭാര്യവീട്ടിലും മുണ്ടേശ്വറിലെ മാതാപിതാക്കളുടെ വീട്ടിലും എത്തിയതായി വിവരം ലഭിച്ചു. ഇതിനിടെ താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയതായും കണ്ടെത്തി.

പശ്ചിമബംഗാൾ പോലീസിനും റെയിൽവേ പോലീസിനും വിവരം കൈമാറി നടത്തിയ അന്വേഷണത്തിലാണ് സിയൽദ റെയിൽവേ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. സിയൽദ കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി കോടതി അനുമതിയോടെ കേരളത്തിലെത്തിച്ചു.

കടം കൊടുത്തത് തിരികെ കിട്ടിയില്ല, പിന്നാലെ കൊലപാതകം

സമീപവാസികളായ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. കുറച്ചുമാസം മുൻപ് റാണി നായക് ദഫേദാറിൽനിന്ന് പണം കടം വാങ്ങി. പലവട്ടം ചോദിച്ചിട്ടും തിരികെ നൽകിയില്ല. നവംബർ എട്ടിന് ശാന്തൻപാറ ടൗണിൽവെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി.

തുടർന്ന് രാത്രി എട്ടുമണിക്ക് റാണിയുടെ വീട്ടിലെത്തിയ ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടതോടെ തർക്കമായി. പിടിവലിക്കിടെ റാണി താഴെ വീണു. അടുപ്പുകല്ല് ഉപയോഗിച്ച് തലയ്ക്ക് പിന്നിലിടിച്ചാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാൻ വാരിയെല്ലും ചവിട്ടി ഒടിച്ചു. മൃതദേഹം സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചു.

രണ്ടുദിവസം പ്രദേശത്ത് കിടന്ന മൃതദേഹത്തിൽ വന്യമൃഗം കടിച്ചതിനെ തുടർന്നാണ് കൈയിലെ മുറിവുണ്ടായതെന്നും എസ്.പി. പറഞ്ഞു. ശാന്തൻപാറ എസ്.ഐ. അനിൽകുമാർ കെ.പി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷ്ണൻ വി., ജയേഷ് കെ.ബി., ആന്റണി കെ.ജെ., സിവിൽ പോലീസ് ഓഫീസർ അശോക് വി. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.