കോഴിക്കോട്:  ഗവേഷക വിദ്യാർഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ മുൻ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. സൈക്കോളജി വിഭാഗത്തിൽ അധ്യാപകനായിരുന്ന ഡോ. ടി. ശശിധരനെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സർവകലാശാലയിലെ രണ്ടുവിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

To advertise here,

കാലിക്കറ്റ് സർവകലാശാല കാമ്പസിന് സമീപം താമസിക്കുന്ന മുൻ അധ്യാപകൻ ഇയാളുടെ വീട്ടിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഗവേഷക വിദ്യാർഥിനികളുടെ പരാതി. മേയ് 11, 19 തീയതികളിലായിരുന്നു സംഭവം. 

ആറുവർഷം മുമ്പ് സർവീസിൽനിന്ന് സ്വയം വിരമിച്ച അധ്യാപകൻ സർവകലാശാല കാമ്പസിന് സമീപം ഒറ്റയ്ക്കായിരുന്നു താമസം. സർവീസിൽനിന്ന് വിരമിച്ചെങ്കിലും അക്കാദമിക് ആവശ്യങ്ങൾക്കായി ഗവേഷകർ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു. ഇത്തരത്തിൽ അക്കാദമിക് കാര്യങ്ങളുടെ മറവിലാണ് ഇയാൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയതെന്നാണ് ആരോപണം. 

മേയ് 11-ാം തീയതി അധ്യാപകന്റെ വീട്ടിലെത്തിയ ഗവേഷക വിദ്യാർഥിനിയെ ഇയാൾ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 

മേയ് 19-നാണ് സമാനരീതിയിൽ മറ്റൊരു ഗവേഷക വിദ്യാർഥിനിക്കും മുൻ അധ്യാപകനിൽനിന്ന് ദുരനുഭവം നേരിട്ടത്. ഗവേഷണപ്രവർത്തനങ്ങളുടെ ഭാഗമായി സഹായം നൽകാമെന്ന് പറഞ്ഞ് ഇയാൾ വിദ്യാർഥിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മേയ് 19-ന് വീട്ടിലെത്തിയ രണ്ടാമത്തെ പരാതിക്കാരിയോടും ഇയാൾ ലൈംഗികാതിക്രമം നടത്തുകയും മോശമായി പെരുമാറുകയുമായിരുന്നു. 

പഠനത്തിന്റെ ഭാഗമായാണ് ഇതെല്ലാം ചെയ്യുന്നതെന്നും എല്ലാം രഹസ്യമായിരിക്കണമെന്നുമാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. അധ്യാപകന്റെ പെരുമാറ്റത്തിൽ ഞെട്ടിയ തനിക്ക് കൈയും കാലും വിറച്ചെന്നും ഒന്നും പ്രതികരിക്കാൻ പറ്റിയില്ലെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി. പിന്നീട് പിറ്റേദിവസം ഭർത്താവിനെയും പഠനവകുപ്പിലെ അധ്യാപികയെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ നേരത്തെ അതിക്രമത്തിനിരയായ വിദ്യാർഥിനിയും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. തുടർന്ന് വകുപ്പ് മേധാവി മുഖേന രജിസ്ട്രാർക്കും പരാതി നൽകി. സർവകലാശാല രജിസ്ട്രാർ കൈമാറിയ പരാതിയിൽ വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷം തേഞ്ഞിപ്പലം പോലീസ് കേസെടുക്കുകയായിരുന്നു. 

അധ്യാപകനെ കണ്ടെത്താനായില്ല, അന്വേഷണം തുടരുന്നതായി പോലീസ്...

ഗവേഷക വിദ്യാർഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ ഡോ. ടി. ശശിധരനായി അന്വേഷണം തുടരുകയാണെന്നായിരുന്നു തേഞ്ഞിപ്പലം എസ്.എച്ച്.ഒ.യുടെ പ്രതികരണം. സർവകലാശാല കാമ്പസിന് സമീപത്തെ ഇയാളുടെ വീട്ടിൽ രണ്ടുതവണ പോലീസ് സംഘം പോയപ്പോളും വീട് പൂട്ടിയിട്ടനിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ തിരുവനന്തപുരത്തേക്ക് പോയെന്നാണ് കരുതുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കാനാകുമെന്നും തേഞ്ഞിപ്പലം എസ്.എച്ച്.ഒ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

അതിനിടെ, കേസുമായി ബന്ധപ്പെട്ട പ്രതികരണം തേടി കുറ്റാരോപിതനായ മുൻ അധ്യാപകനെ  ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.