സിങ്കപ്പൂര്‍:  വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 73-കാരനായ ഇന്ത്യക്കാരന്‍ സിങ്കപ്പൂരില്‍ അറസ്റ്റിലായി. ബാലസുബ്രഹ്മണ്യന്‍ രമേഷ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 18-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. 

To advertise here,

അമേരിക്കയില്‍നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍വെച്ചാണ് ബാലസുബ്രഹ്മണ്യന്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടിയത്. 14 മണിക്കൂറിനിടെ നാല് സ്ത്രീകള്‍ക്കെതിരേ ഏഴുതവണ ഇയാള്‍ അതിക്രമം കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീയെ മാത്രം പ്രതി നാലുതവണ ഉപദ്രവിച്ചെന്നാണ് പോലീസ് പറയുന്നത്. മറ്റ് മൂന്ന് സ്ത്രീകള്‍ക്ക് നേരേ ഓരോതവണയും ഉപദ്രവമുണ്ടായി. 

സംഭവദിവസം പുലര്‍ച്ചെ 3.15-നാണ് ആദ്യത്തെ സ്ത്രീക്ക് നേരേ പ്രതിയുടെ അതിക്രമമുണ്ടായത്. അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ സ്ത്രീയെയും ഇയാള്‍ ഉപദ്രവിച്ചു. പിന്നീട് പുലര്‍ച്ചെ 3.30-നും രാവിലെ ആറുമണിക്കും ഇടയില്‍ ഇതേ സ്ത്രീയെ മൂന്നുതവണ കൂടി ഉപദ്രവിച്ചതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ 9.30-നും വൈകിട്ട് അഞ്ചുമണിക്കും ഇടയിലാണ് മറ്റുരണ്ട് സ്ത്രീകള്‍ക്ക് കൂടി പ്രതിയില്‍നിന്ന് ഉപദ്രവം നേരിട്ടത്. 

സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കഴിഞ്ഞദിവസം സിങ്കപ്പൂരിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് 21 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. ജയില്‍ശിക്ഷയ്ക്ക് പുറമേ പിഴയും ലൈംഗികാതിക്രമക്കേസുകളില്‍ ചാട്ടവാറടിയും സിങ്കപ്പൂരിലെ ശിക്ഷാരീതിയാണ്. എന്നാല്‍, അമ്പതുവയസ്സിന് മുകളിലുള്ളവരെ ചാട്ടവാറടിയില്‍നിന്ന് ഒഴിവാക്കാറുണ്ട്. അതിനാല്‍ 73-കാരനായ പ്രതിക്ക് ഈ ശിക്ഷ അനുഭവിക്കേണ്ടിവരില്ല.