കടുത്തുരുത്തി: “എനിക്ക് നല്ല വിശ്വാസമായിരുന്നു എന്റെ ഭർത്താവിനെ. അദ്ദേഹം ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഏഴ് വർഷങ്ങൾക്കിപ്പുറം കോടതി വെറുതെ വിടുകയും പരാതിക്കാരി സ്വമേധയാ പൊതുസമൂഹത്തിന് മുന്നിൽ തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറയുകയും ചെയ്തത് ഞങ്ങളുടെ കണ്ണീരിന്റെയും അനുഭവിച്ച വേദനകളുടെയും പ്രാർഥനകളുടെയും ഫലമാണ്.”- പീഡനക്കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ട മധുരവേലി ചാന്തുരുത്തിൽ സി.ഡി. ജോമോന്റെ ഭാര്യ ഷൈനി തോമസിന്റെ വാക്കുകളാണിത്.

To advertise here,

“ഞങ്ങളുടെ കുടുംബത്തിനിത് സന്തോഷത്തിന്റെ ഈസ്റ്ററാണ്. പെൺകുട്ടിയെക്കൊണ്ട് പരാതി നൽകിപ്പിച്ച സുഹൃത്ത് പണം ആവശ്യപ്പെട്ട് ജോമോനെ വിളിക്കുമ്പോൾ ഞാനും അടുത്തുണ്ടായിരുന്നു. ഇയാൾ ഭീഷണിപ്പെടുത്തുന്നതെല്ലാം അറിയാവുന്നതുകൊണ്ട് കേസിൽപ്പെടുത്തിയപ്പോൾ, തെറ്റ് ചെയ്തിട്ടല്ല ജോമോൻ പ്രതിയായതെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം ഏഴുവർഷങ്ങൾക്കിപ്പുറം, കോടതിയും ജോമോൻ കുറ്റക്കാരനല്ലെന്ന് വിധിച്ചതോടെ യാഥാർഥ്യമായി. പിന്നീട് പരാതിക്കാരി വീടിന് സമീപത്തെ പള്ളിയിലെത്തി ധ്യാനത്തിൽ പങ്കെടുത്ത് ജോമോൻ തെറ്റുകാരനല്ലെന്നും കുടുംബത്തോട് പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തതോടെ ദുരിതത്തിലെ വലിയ ഇരുൾമറ ഞങ്ങളെ വിട്ടകന്നുപോയി.”-അവർ ആശ്വസിക്കുന്നു.

ദുരിതവഴി...

2015-ലാണ് ഒരാളുമായി ചേർന്ന് കുറുപ്പന്തറയിൽ പാർട്‌ണർഷിപ്പിൽ പാരാമെഡിക്കൽ സ്ഥാപനം തുടങ്ങിയതെന്ന് ജോമോൻ പറഞ്ഞു. അടുത്തവർഷംതന്നെ അവിടത്തെ പാർട്ട്ണർഷിപ്പ് വിട്ട് പുതിയസ്ഥാപനം തുടങ്ങി. ജോമോന്റെ സ്ഥാപനത്തിൽ കൂടുതൽ കുട്ടികൾ പഠിക്കാനെത്തി. ജോമോൻ പണം കൊടുക്കാനുണ്ടെന്ന് പറഞ്ഞ് പഴയ പാർട്‌ണർ ജോമോനെതിരേ പോലീസിൽ പരാതി നൽകി. അതിൽ വസ്തുത ഇല്ലെന്നുകണ്ട് തള്ളിപ്പോയി. പിന്നീടാണ് സ്ഥാപനത്തിലെ വിദ്യാർഥിനിയായ പെൺകുട്ടിവഴി പീഡനപരാതി വരുന്നത്. ഇതിൽ വസ്തുതകൾ ഇല്ലെങ്കിലും ആപത്ത്കാലത്ത് ശത്രുക്കളെല്ലാം തന്നെ ഇല്ലാതാക്കാൻ ഒന്നായപോലെയായിരുന്നു പിന്നീട് കാര്യങ്ങൾ.

പരാതിക്കാരി വസ്തുതകൾ മനസ്സിലാക്കാൻ വൈകി

കോട്ടയം സെഷൻസ് കോടതിയിൽ കേസ് നടക്കുന്നതിനിടെ പ്രോസിക്യൂട്ടർ കുറ്റപത്രം വായിച്ചുകേൾപ്പിക്കുമ്പോഴാണ് പരാതിക്കാരിക്ക് തിരിച്ചറിവ് വരുന്നത്. ഇത്രയും പീഡനത്തിന് താൻ വിധേയായതായികാട്ടിയാണ് അധ്യാപകനെതിരേ പരാതി നൽകിയിരിക്കുന്നതെന്ന കാര്യം അപ്പോഴാണ് അവർ അറിഞ്ഞത്. പരാതി തയ്യാറാക്കുന്നതിൽ അവർക്ക് പങ്കുണ്ടായിരുന്നില്ല. കേസ് നടക്കുന്ന വിവരംപോലും സഹപാഠികളായ കൂട്ടുകാരികൾ പറയുമ്പോഴാണ് പെൺകുട്ടി അറിയുന്നത്. പിന്നീട് പരാതിക്കാരി നേരിട്ട് പ്രോസിക്യൂട്ടറെ സമീപിച്ച് കേസ് തീർക്കണമെന്ന് ആവശ്യപ്പെട്ടു. 2016-ൽ ജൂൺ 30-ന് മംഗളാ എക്‌സ്‌പ്രസിന്റെ ശൗചാലയത്തിൽവെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടി 2017 ഡിസംബർ എട്ടിന് കോട്ടയം വനിതാ സെല്ലിൽ നൽകിയിരുന്ന പരാതി. സ്ഥാപനത്തിലെ ഓഫീസ് മുറിയിൽ പീഡിപ്പിച്ചു, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി തുടങ്ങിയ പരാതിയിലെ കാര്യങ്ങളും ഞെട്ടിക്കുന്നതായിരുന്നു.

സുഹൃത്തായ യുവാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ കേസ് കൊടുത്തതെന്ന് പെൺകുട്ടി കൂട്ടുകാരികളോട് പറഞ്ഞിരുന്നു. തന്റെ പഴയ സുഹൃത്ത് വെള്ളപേപ്പറിൽ ഭീഷണിപ്പെടുത്തി ഒപ്പിടീക്കുകയായിരുന്നു. സുഹൃത്തുമായുള്ള അടുപ്പം തകരാതിരിക്കാനാണ് താൻ പരാതിയിൽ ഒപ്പുവെച്ചത്. അത് ഇത്രമേൽ ഗുരുതരമെന്ന് കരുതിയില്ല. അതിന്റെ പേരിൽ തന്റെ അധ്യാപകന് ദുരിതജീവിതം ഉണ്ടാകുമെന്നും കരുതിയില്ല. ഇക്കാര്യങ്ങൾ പെൺകുട്ടി സമീപകാലത്ത് സഹപാഠികളായ കൂട്ടുകാരികളോട് പറഞ്ഞു.

വ്യാജപരാതി തയ്യാറാക്കിയ വ്യക്തിതന്നെ പലതവണ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നതായും ജോമോൻ പറഞ്ഞു. അവിടെ പെൺകുട്ടികളെ പീഡിപ്പിക്കുന്നതായി വിവരം ഉണ്ട്. ഇത് പുറത്തറിയിക്കുമെന്നെല്ലാം പറഞ്ഞായിരുന്നു ഭീഷണിയെന്ന് ജോമോൻ പറഞ്ഞു. പക്ഷേ, താൻ ഇതൊന്നും കാര്യമാക്കിയെടുത്തില്ല -അതിന് വലിയവില നൽകേണ്ടിവന്നു.