ചെന്നൈ: തമിഴ്‌നാട്ടിലെ ശാസ്ത്രി നഗര്‍ സ്റ്റേഷനിലെ പോലീസുകാര്‍ കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് ലഭിച്ച പാര്‍സല്‍ കണ്ട് ഒന്ന് അമ്പരന്നു. കെട്ടുകണക്കിന് വിലപിടിപ്പുള്ള സാരികള്‍. ദീപാവലി പ്രമാണിച്ച് ആരെങ്കിലും അയച്ച സമ്മാനമാകും ഇതെന്ന് കരുതിയിരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. 

To advertise here,

ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ നിന്നായിരുന്നു ഫോണ്‍ വന്നത്. ചെന്നൈയിലെ ബസന്ത് നഗറില്‍ നിന്ന് ഒക്ടോബര്‍ 28-ന് മോഷ്ടിക്കപ്പെട്ട സാരികളാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് പാര്‍സലായി ലഭിച്ചത് എന്നായിരുന്നു ഫോൺ വിളിച്ചയാൾ കൈമാറിയ സന്ദേശം.

ചെന്നൈയിലെ പ്രധാന സംസാരവിഷയമാണ് ഇപ്പോള്‍ ഈ സാരിക്കൊള്ള. വിലപിടിപ്പുള്ള സാരികള്‍ മോഷണം പോയതായി പോലീസിന് നേരത്തേ പരാതി ലഭിച്ചിരുന്നു. വനിതാ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് 'പാര്‍സലാ'യി വന്നത്. 

ആറ് സ്ത്രീകളാണ് മോഷണസംഘത്തിലുള്ളത്. ഇവരില്‍ രണ്ട് പേര്‍ കടയിലെ ജോലിക്കാരുടെ ശ്രദ്ധതിരിക്കുമ്പോള്‍ മറ്റ് രണ്ട് പേര്‍ സാരികള്‍ മോഷ്ടിക്കും. ബാക്കി രണ്ട് പേര്‍ മോഷ്ടിക്കുന്ന സ്ത്രീകൾക്ക് മറതീര്‍ക്കും. ആസൂത്രിതമായ കൊള്ള നടത്തിയത് ഇങ്ങനെയാണെന്ന് പോലീസിന് മനസിലായത് കടയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ്. 

തങ്ങള്‍ ധരിച്ച സാരിക്കുള്ളിലെ പ്രത്യേകം തുന്നിയുണ്ടാക്കിയ പോക്കറ്റുകളിലാണ്‌ മോഷ്ടിച്ച സാരികള്‍ ഇവര്‍ ഒളിപ്പിച്ചത്. രണ്ട് ലക്ഷം രൂപ വിലവരുന്ന സാരികളാണ് നഷ്ടപ്പെട്ടതെന്നാണ് കടയുടമ പരാതിയിൽ പറയുന്നത്. മോഷ്ടിക്കപ്പെട്ട ഓരോ സാരിക്കും 30,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് വില. 

എന്നാല്‍ ഇവിടെയും ഒരു 'ട്വിസ്റ്റ്' ഉണ്ടായി. പോലീസുകാര്‍ക്ക് പാര്‍സലായി വന്ന സാരികളുടെ വില ഏഴ് ലക്ഷം രൂപയിലധികമാണ്. നിരവധി കടകളില്‍ ഇവര്‍ സാരിമോഷണം നടത്തിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. 

വിജയവാഡയില്‍ നിന്നുള്ള പെണ്‍കൊള്ളസംഘമാണ് മോഷണം നടത്തിയത്. സംഘത്തേക്കുറിച്ചുള്ള വിവരങ്ങള്‍ വിജയവാഡ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനായി ചെന്നൈയില്‍ നിന്നുള്ള പോലീസ് സംഘം ദീപാവലിക്ക് ശേഷം വിജയവാഡയ്ക്ക് പോകും. 

ദീപാവലി പോലുള്ള ഉത്സവകാലങ്ങളില്‍ മറ്റ് നഗരങ്ങളിലേക്ക് സംഘമായി പോയി മോഷണം നടത്തുന്നവരാണ് ചെന്നൈയിലെ സാരിക്കൊള്ളയ്ക്ക് പിന്നിലെന്ന് വിജയവാഡ പോലീസ് പറയുന്നു. തങ്ങളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചുവെന്ന് മനസിലായതോടെയാണ് കേസില്‍ നിന്ന് രക്ഷപ്പെടാനായി ഇവര്‍ മോഷ്ടിച്ച സാരികള്‍ തിരികെ അയച്ചത്. എന്നാല്‍, സാരികള്‍ തിരികെ ലഭിച്ചെങ്കിലും നിയമത്തിന്റെ പിടിയില്‍ നിന്ന് അവര്‍ രക്ഷപ്പെടില്ലെന്നാണ് പോലീസ് പറയുന്നത്.