കോവളം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടിയുമായി അഞ്ചംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. 155 കിലോഗ്രാം ചന്ദനത്തടിക്കഷണങ്ങളും കടത്തിന് ഉപയോഗിച്ച ഒരു കാറും ബൈക്കും സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കോവളം സമുദ്ര ബീച്ചിന് സമീപത്ത് വെച്ച് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വനംവകുപ്പിന്റെ പരുത്തിപ്പള്ളി റെയിഞ്ചും തിരുവനന്തപുരം ഫ്ലയിങ് സ്ക്വാഡ് റെയിഞ്ചും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായവരിൽ മുഖ്യപ്രതിയായ ജയകുമാറാണ് തമിഴ്‌നാട്ടിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ച് കേരളത്തിലെത്തിക്കുന്നത്. ഇയാളുടെ കൂട്ടാളിയായ തമിഴ്‌നാട് സ്വദേശി ജെ. നെഹേമി, സഹായിയായ നെയ്യാറ്റിൻകര സ്വദേശി ബിജുകുമാർ എന്നിവരും പിടിയിലായി. ഈ സംഘത്തിൽ നിന്ന് ചന്ദനം വാങ്ങി മലപ്പുറം സ്വദേശികൾക്ക് വിൽക്കുന്ന ഇടനിലക്കാരായ കൊല്ലം ഉമയന്നല്ലൂർ സ്വദേശി ഷെഫീക്, കൊല്ലം തെന്മല സ്വദേശി നജീബ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ.
നജീബും ഷെഫീക്കും തുടർച്ചയായി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നതായി വനംവകുപ്പിന്റെ രഹസ്യവിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, കേസിലെ മുഖ്യപ്രതിയും വിതരണക്കാരനുമായ മഞ്ചവിളാകം സ്വദേശി ജയകുമാറിനെ തമിഴ്‌നാട്ടിലെ മാർത്താണ്ഡം കരിങ്കലിൽ വെച്ച് പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസറും സംഘവും ആദ്യം അറസ്റ്റ് ചെയ്തു. ഈ സംഘം വാഹനങ്ങളിൽ ചന്ദനത്തടികൾ കോവളത്ത് കൈമാറ്റം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സമുദ്ര ബീച്ചിലെത്തി പരിശോധന നടത്തിയത്. കാറിലും ബൈക്കിലും സ്കൂട്ടറിലുമായി എത്തിയ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പരിശോധനയിൽ നെഹേമിയുടെ പക്കൽ നിന്ന് 35 കിലോയും മറ്റുള്ളവരിൽ നിന്ന് 120 കിലോയും ഉൾപ്പെടെ ആകെ 155 കിലോ ചന്ദനത്തടി കണ്ടെടുത്തു എന്ന് ജില്ലാ ഫോറസ്റ്റ് മേധാവി ദേവി പ്രിയ അറിയിച്ചു.
പിടിച്ചെടുത്ത ചന്ദനം കിലോയ്ക്ക് 6000 മുതൽ 7000 രൂപ വരെയുള്ള വിലയ്ക്ക് മലപ്പുറത്തെ സംഘത്തിന് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് വനംവകുപ്പ് അറിയിച്ചു. ഈ സംഘം പിന്നീട് ഇരട്ടി വിലയ്ക്ക് ചന്ദനം മറ്റിടങ്ങളിലേക്ക് മറിച്ചുവിൽക്കുകയാണ് പതിവ്. അറസ്റ്റിലായവരിൽ നെഹേമിയും നജീബും മുൻപും ചന്ദനക്കടത്ത് കേസിൽ പ്രതികളായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ അഞ്ചു പ്രതികളെയും റിമാൻഡ് ചെയ്തു.
Content Highlights: Forest officials in Kerala seized 155kg of sandalwood worth ₹10 lakh and arrested 5 smugglers
Published: 22 Sept 2025, 07:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented