കൊച്ചി: ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി.
കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം തുടങ്ങിയ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദേശിച്ചു.
സുനിൽ കുമാറോ (സുനിൽ സ്വാമി) മറ്റ് സ്പോൺസർമാരോ നൽകിയ സാധനങ്ങളുടെ വിവരങ്ങൾ, സ്റ്റോക്ക് രജിസ്റ്റർ എന്നിവ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. കണക്കുകൾ പരിശോധിച്ച ഓഡിറ്റർമാരുടെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളും ഹാജരാക്കണം.
നിലവിലെ രീതികൾ സുതാര്യമാണോ എന്ന് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനും നിർദേശം നൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് കോടതി സ്വമേധയാ വിഷയം പരിഗണിച്ചത്.
വഴിപാട് സാധനങ്ങൾ വാങ്ങുന്നതിന് കേരള ഫിനാഷ്യൽ കോഡും പർച്ചേസ് മാന്വലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും സബ് ഗ്രൂപ്പ് ഓഫീസറും പാലിക്കേണ്ടതില്ലെന്ന ന്യായീകരണമാണ് ദേവസ്വംബോർഡ് ഉന്നയിച്ചത്. കോടതി ഇത് അംഗീകരിച്ചില്ല. ഫണ്ട് നൽകുന്നത് ഭക്തരാണെന്നും സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഒഴിവാക്കുന്ന ഉത്തരവുകൾ ബോർഡിന് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
പൂജാസാധനങ്ങൾ വാങ്ങുന്നതിന് ബില്ലും വൗച്ചറും വേണ്ടെന്ന നിലപാട് ദുരുപയോഗത്തിനും തട്ടിപ്പിനുമുള്ള സാഹചര്യമാണ് ഒരുക്കുന്നത്. വഴിപാടിന് ആവശ്യമായ സാധനങ്ങൾ പെട്ടെന്ന് നശിക്കുന്നതായതിനാൽ ബിൽ ഹാജരാക്കാനാകില്ലെന്നതടക്കമുള്ള വാദവും അംഗീകരിച്ചില്ല.
പാലും റോസ് വാട്ടറും കരിക്കും വാങ്ങുന്നതിനായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് 300 രൂപ വീതം നൽകുന്ന രീതി തുടരാനാകില്ലെന്നും പറഞ്ഞു. മഹാനിവേദ്യപ്രസാദത്തിന് സുനിൽകുമാർ നൽകിയ സാധനങ്ങൾക്ക് ബോർഡിന്റെ നിർദ്ദേശം ഉണ്ടായിരുന്നിട്ടും രസീത് നൽകാതിരുന്നത് അസ്വസ്ഥതപ്പെടുത്തുന്നതാണ്.
പൂജയ്ക്കാവശ്യമായ സാധനങ്ങൾ സുനിലിൽനിന്ന് സ്വീകരിക്കുമ്പോൾതന്നെ ഇതിന്റെ തുക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എഴുതി എടുക്കുന്നുണ്ടെന്ന വിജിലൻസിന്റെ ആരോപണത്തിനും വ്യക്തമായ ഉത്തരം ബോർഡ് നൽകിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.
Content Highlights: Kerala High Court rejected the TDB affidavit justifying the absence of bills for puja offerings. Court ordered the submission of 10-year records for offerings like Ashtabhishekam and Mahanivedyam within 10 days. State Audit Department directed to verify the transparency of current procurement practices. Court emphasized that public funds require strict financial accountability regardless of perishable goods.
Published: 10 Jun 2026, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented