
കൊച്ചി: കേരളത്തിൽ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ്. കൊച്ചി എൻ ഐ എ കോടതിയാണ് പ്രതിയായ റിയാസ് അബൂബക്കറിന് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെതിരേ ചുമത്തിയ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങൾ അടക്കമുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.
ഓരോ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. യു എ പി എയുടെ 38-ാം വകുപ്പ് ( ഭീകര സംഘടനയിൽ അംഗത്വമെടുക്കുക) പ്രകാരം പത്ത് വർഷം ശിക്ഷയും അമ്പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. യു.എ.പി.എ.യിലെ 39-ാം വകുപ്പ് ( തീവ്രവാദ സംഘടനക്ക് സഹായം ചെയ്യുക) പ്രകാരം പത്ത് വർഷം ശിക്ഷയും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 120 ബി വകുപ്പ് പ്രകാരം ഇരുപത്തി അയ്യായിരം രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു. ഈ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
ഭീകരസംഘടനയായ ഐ.എസ്. മാതൃകയിൽ കേരളത്തിൽ ചാവേർ ആക്രമണത്തിനാണ് പദ്ധതിയിട്ടത്. കേസിൽ അറസ്റ്റിലായ റിയാസ് അഞ്ചുവർഷത്തിലേറെയായി ജയിലിലാണ്. റിയാസിനെതിരേ ചുമത്തിയ 120 ബി വകുപ്പും യു.എ.പി.എ.യിലെ 38, 39 വകുപ്പുകളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷാ വിധിയിലുള്ള വാദം വ്യാഴാഴ്ച പൂർത്തിയായിരുന്നു.
2016-ൽ കാസർകോട്ടുനിന്ന് ഐ.എസിൽ ചേരാൻ പോയെന്നു കരുതുന്ന 14 പേരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് റിയാസ് എൻ.ഐ.എ.യുടെ പിടിയിലായത്. അഫ്ഗാനിസ്താനിലെത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടിരുന്നുവെന്നാണ് എൻ.ഐ.എ. പറയുന്നത്. ഐ.എസ്. നേതാവായ അബ്ദുൾ റാഷിദ് അബ്ദുല്ലയുടെ നിർദേശപ്രകാരമാണ് റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്.
ശ്രീലങ്കൻ സ്ഫോടനപരമ്പര ആസൂത്രണംചെയ്ത സഹ്‌റാൻ ഹാഷിമുമായി ചേർന്ന് ചാവേർ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നാണ് എൻ.ഐ.എ. കോടതിയിൽ വ്യക്തമാക്കിയത്. സാമൂഹികമാധ്യമങ്ങൾവഴിയാണ് റിയാസ് ഹാഷിമുമായി ബന്ധപ്പെട്ടിരുന്നത്. റിയാസിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളും റെയ്ഡിനിടെ വീട്ടിൽനിന്ന് പിടികൂടിയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും തെളിവായി എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയിരുന്നു.
ചാവേർ ആക്രമണത്തിന് സ്ഫോടകവസ്തുക്കൾ ശേഖരിക്കുന്നതിനിടെ 2018-ലാണ് റിയാസ് എൻ.ഐ.എ.യുടെ പിടിയിലായത്. ഇയാൾക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവരെ എൻ.ഐ.എ. നേരത്തെ മാപ്പുസാക്ഷികളാക്കിയിരുന്നു.
Content Highlights: NIA court 10 year severe sentence punishment to Riyas Aboobacker on suicide attack attamept Kerala
Published: 09 Feb 2024, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented