ജയ്പുർ: രാജസ്ഥാനിലെ ദൗസയിൽനിന്ന് 2020ൽ കാണാതായ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. കുട്ടിയുടെ മൃതദേഹം ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ അടിയിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നതായി  പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളിൽ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. എക്സ്പ്രസ് വേയുടെ നിർമാണവേളയിൽ കുഴികളുണ്ടാക്കിയിരുന്ന സ്ഥലത്തെവിടെയോ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തിട്ടുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

To advertise here,

സ്ഥലം കൃത്യമായി കണ്ടെത്താൻ രാജസ്ഥാൻ പോലീസ് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (GPR) മെഷീൻ ഉപയോഗിച്ചുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

കസ്റ്റഡിയിലുള്ളവരുടെ മൊഴികൾ മുൻപ് കുഴിയെടുത്ത സ്ഥലങ്ങളുമായി യോജിച്ചുപോകുന്നതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സക്കീർ അബ്ബാസ് മെഹോ പറഞ്ഞു. ജിപിആർ സർവേയിലൂടെ ഭൂമിക്കടിയിൽ എന്തെങ്കിലും മനുഷ്യന്റെ അവശിഷ്ടങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ഓഗസ്റ്റ് 16-ന് തൻ്റെ വീടിൻ്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രിൻസ് എന്ന ടില്ലുവിനെ കാണാതായാത്. കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ വ്യാപകമായ തിരച്ചിലുകൾക്കൊന്നും അന്ന് കുട്ടിയെ കണ്ടെത്താനായില്ല. 2021-ൽ കുടുംബം കോടതിയെ സമീപിക്കുകയും ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുകയും ചെയ്തു. ഇതോടെ അന്വേഷണം പുനരാരംഭിച്ചു. വർഷങ്ങളായി അന്വേഷണ ഉദ്യോഗസ്ഥർ മാറിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

പോലീസ് കണ്ടെത്തലുകൾ അനുസരിച്ച്, വ്യക്തിപരമായ തർക്കത്തെത്തുടർന്ന് പ്രിൻസിനെ സ്വന്തം അമ്മാവൻ അനിലും അമ്മായി കൃഷ്ണയും ചേർന്നാണ് കൊലപ്പെടുത്തിയത്. കുറ്റം മറച്ചുവെക്കാനായി കുട്ടിയുടെ മൃതദേഹം എക്സ്പ്രസ് വേയുടെ സമീപത്ത് കുഴിച്ചിട്ടതായി പോലീസ് പറയുന്നു. രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് മാർച്ച് ഒന്ന് വരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കുഴിച്ചിട്ടതായി സംശയമുള്ള സ്ഥലത്തിന് സമീപം പോലീസ് സംഘം ദിവസങ്ങളായി തിരച്ചിൽ നടത്തി വരികയാണ്. ജിപിആർ മെഷീന് ഏകദേശം ഒമ്പത് മീറ്റർ താഴെയായി സിഗ്നലുകൾ കണ്ടെത്താൻ കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും 15 അടി താഴ്ചയിൽ വരെ ഖനനം നടത്തിയിട്ടും ഇതുവരെ മൃതദേഹം കണ്ടെത്തിയിട്ടില്ല. കുട്ടിയെ കാണാതായതിന് ശേഷം പ്രതികളും തിരച്ചിലിൽ പങ്കെടുത്തിരുന്നു.