കോഴിക്കോട്: സ്കൂൾപരീക്ഷാ ചോദ്യക്കടലാസ് ചോർത്തിയ കേസിൽ കീഴടങ്ങിയ മുഖ്യപ്രതി എം.എസ്. സൊലൂഷൻസ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇത് ഫൊറൻസിക് പരിശോധനയ്ക്കായി അയക്കും. ചോദ്യക്കടലാസ് ചോർത്തിയില്ല, പ്രവചനം നടത്തിയിട്ടേയുള്ളൂ എന്ന നിലപാടാണ് ക്രൈംബ്രാഞ്ചിനോട് പ്രതി ആവർത്തിച്ചത്. ഹൈക്കോടതിയിൽ ഹർജിനൽകിയതിനെത്തുടർന്ന് ഷുഹൈബിന്റെ അറസ്റ്റ് നേരത്തേ കോടതി തടഞ്ഞിരുന്നു. എന്നാൽ, ഷുഹൈബിന്റെ പങ്ക് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ ഷുഹൈബ് കീഴടങ്ങുകയായിരുന്നു. തുടർന്ന് എസ്.പി. കെ. മൊയ്തീൻകുട്ടി, ഡിവൈ.എസ്.പി. ചന്ദ്രമോഹൻ എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യംചെയ്തു.
അതേസമയം ബുധനാഴ്ച അറസ്റ്റിലായ സ്കൂൾജീവനക്കാരൻ അബ്ദുൾനാസറിന്റെ ജാമ്യാപേക്ഷയിൽ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച വിധിപറയും. തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ ജഫ്രി ജോർജ് വാദിച്ചു. അബ്ദുൾനാസറിനെയും മറ്റുരണ്ട് പ്രതികളെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.
ഗൂഢാലോചന -ഷുഹൈബ്
കേസിനുപിന്നിൽ ഗൂഢാലോചനയാണെന്ന് ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യക്കടലാസ് കൈപ്പറ്റിയ ഫഹദിനെ എം.എസ്. സൊലൂഷൻസിലേക്ക് അയച്ചത് മറ്റൊരു സ്ഥാപനമാണ്. ആരാണ് പറഞ്ഞയച്ചത് എന്നതിന് തെളിവുകൾ കൈവശമുണ്ട്. സെപ്റ്റംബറിനുശേഷമാണ് ഫഹദ് എന്റെ സ്ഥാപനത്തിലെത്തിയത്. എം.എസ്. സൊലൂഷനെ തകർക്കാൻ മറ്റൊരു പ്രധാനസ്ഥാപനം ശ്രമിക്കുകയാണ്. അതിന്റെഭാഗമാണ് ഈ കേസ്. ആ സ്ഥാപനം നാട്ടിലെ ഒരു പ്രാദേശികനേതാവിന് അഞ്ചുലക്ഷം രൂപ വാഗ്ദാനംചെയ്തിട്ടുണ്ടെന്നും ഷുഹൈബ് ആരോപിച്ചു.
Content Highlights: Question paper leake case accuse Shuhaib's phone will be sent for forensic examination
Published: 07 Mar 2025, 06:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented