ചണ്ഡീഗഢ്: പഞ്ചാബില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇൻഫ്ലുവന്‍സറായ യുവതിയുടെ ശരീരത്തില്‍ അസാധാരണ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സാമൂഹികമാധ്യമങ്ങളില്‍ 'കമല്‍ കൗര്‍ ഭാഭി' എന്ന പേരില്‍ അറിയപ്പെടുന്ന കഞ്ചന്‍ കുമാരി (27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം ഉപദ്രവിച്ചതിന്റേതായ പാടുകളും മുറിവുകളും ഉള്ളതായാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരിക്കുന്നത്.
ഈ മാസം 11-ാം തീയതി ഭട്ടിന്‍ഡയിലെ അദേഷ് യുണിവേഴ്‌സിറ്റിക്കരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിലാണ് കഞ്ചന്‍ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. കാറില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ജൂണ്‍ 13-ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ കേസിലെ പ്രധാനപ്രതിയായ നിഹാംഗ് അമൃത്പാല്‍ സിങ് മെഹ്‌റോണ്‍ സംഭവത്തിനുപിന്നാലെ യുഎഇയിലേക്ക് രക്ഷപ്പെട്ടിരുന്നു.
ജൂണ്‍ 12-ന് ഭട്ടിന്‍ഡയിലെ സിവില്‍ ഹോസ്പിറ്റലിലാണ് യുവതിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. സര്‍ക്കാര്‍ പ്രത്യേകം നിയോഗിച്ച മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് കഞ്ചന്‍ കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രധാനവിവരം. യുവതിയുടെ തുടകളിലും സ്വകാര്യഭാഗങ്ങളിലും അസാധാരണമായ പാടുകളും മുറിവുകളും ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കഞ്ചന്‍ പീഡനത്തിന് ഇരയായിരുന്നോ എന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ പരിശോധനയ്ക്കായി യുവതിയുടെ ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ ശ്രവങ്ങളും ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. ഇതിന്റെ ഫലംകൂടി വന്നശേഷമേ, കൊലചെയ്യപ്പെടുന്നതിന് മുമ്പ് കഞ്ചന്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതവരുകയുള്ളൂ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തീവ്രസ്വഭാവമുള്ള ഒരു സിഖ് സംഘടനയുടെ നേതാവാണ് നിഹാംഗ് അമൃത്പാല്‍ സിങ് മെഹ്‌റോണ്‍. പോലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, ഭട്ടിന്‍ഡയിലെ ഒരു കാര്‍ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമാകണം എന്ന ആവശ്യവുമായി അമൃത്പാല്‍ ജൂണ്‍ ആദ്യവാരം കഞ്ചനെ സമീപിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലുധിയാനയിലെ തന്റെ വീട്ടില്‍നിന്നു ജൂണ്‍ ഒമ്പതാംതീയതി കഞ്ചന്‍ പുറപ്പെട്ടു. ഇതിനുശേഷം കഞ്ചനെക്കുറിച്ച് ആര്‍ക്കും ഒരുവിവരവും ലഭിച്ചിരുന്നില്ല. രണ്ടുദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം ലഭിച്ചത്.
കൊലപാതകത്തിന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം അമൃത്പാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മോശമായ വസ്ത്രധാരണം നടത്തിക്കൊണ്ട് സദാചാരവിരുദ്ധ വീഡിയോകള്‍ പങ്കുവെച്ചിരുന്നത് കൊണ്ടാണ് കഞ്ചനെ കൊലപ്പെടുത്തിയത് എന്നായിരുന്നു വീഡിയോയില്‍ അമൃത്പാല്‍ പറഞ്ഞത്. ഇത്തരത്തിലുള്ള വീഡിയോകള്‍ ഇടുന്ന എല്ലാ ഇൻഫ്ലുവന്‍സര്‍മാരുടെയും ഗതി ഇതുതന്നെയായിരിക്കും എന്ന ഭീഷണിയും വീഡിയോയില്‍ ഉണ്ടായിരുന്നു.
പോലീസ് കസ്റ്റഡിയിലുള്ള കൂട്ടുപ്രതികളുടെ മൊഴിപ്രകാരം, അമൃത്പാല്‍ മൂന്നുമാസം മുമ്പുതന്നെ ഈ കൊലപാതകത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇയാള്‍ കൃത്യമായ ഇടവേളകളില്‍ ലുധിയാനയില്‍ എത്തുകയും കഞ്ചന്റെ ദിനചര്യകള്‍ പിന്തുടര്‍ന്ന് മനസിലാക്കുകയും ചെയ്തിരുന്നു. അമൃത്പാലിനെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: punjabi influencer kamal kaur bhabhi murder postmortem report out
Published: 18 Jun 2025, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented