ബെംഗളൂരു: തനിക്കെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് തട്ടിക്കൊണ്ടുപോകല്‍ കേസിൽ അറസ്റ്റിലായ ജനതാദള്‍(എസ്)നേതാവും എം.എല്‍.എയുമായ എച്ച്.ഡി രേവണ്ണ. 40-വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ലെന്നും ബലാത്സംഗക്കേസും തട്ടിക്കൊണ്ടുപോകല്‍ കേസും കെട്ടിച്ചമച്ചതാണെന്നും രേവണ്ണ ആരോപിച്ചു. മജസിട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ രേവണ്ണയെ മേയ്-8 വരെ കസ്റ്റഡിയില്‍ വിട്ടു.

To advertise here,

'എനിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്റെ 40-വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ ഇതുപോലൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഏപ്രില്‍ 28-നാണ് എനിക്കെതിരേ പരാതി കൊടുക്കുന്നത്. കേസില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. എന്നെ അറസ്റ്റ് ചെയ്യുക എന്ന ദുരുദ്യേശത്തോടെ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുണ്ടാക്കി അറസ്റ്റ് ചെയ്തു, രേവണ്ണ പറഞ്ഞു.

ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വലിന്റെ അച്ഛനും ജെ.ഡി.എസിന്റെ നിയമസഭാംഗവുമായ എച്ച്.ഡി. രേവണ്ണയെ  ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. രേവണ്ണ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. 

വീട്ടിലെ മുൻജോലിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് രേവണ്ണയുടെ പേരിൽ മൈസൂരു കെ.ആർ. നഗർ പോലീസാണ് കേസെടുത്തത്. സ്ത്രീയുടെ 20-കാരനായ മകൻ നൽകിയ പരാതിയിലാണിത്.

തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട സ്ത്രീയെ ശനിയാഴ്ച രേവണ്ണയുടെ സഹായിയായ രാജശേഖറിന്റെ ഹുൻസൂരിലെ ഫാംഹൗസിൽ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി. കേസിൽ രേവണ്ണയ്ക്കൊപ്പം പ്രതിയായ മൈസൂരു സ്വദേശി സതീഷ് ബാബണ്ണയെ പോലീസ് വെള്ളിയാഴ്ച അറസ്റ്റുചെയ്തിരുന്നു.