കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച കേസില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഷിഹാബാണ് 2019-ല്‍ മുണ്ടക്കയം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലും ഉള്‍പ്പെട്ടിരിക്കുന്നത്. ഈ കേസില്‍ ഇയാള്‍ വിചാരണ നേരിട്ടുവരികയാണ്. ബലാത്സംഗക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.
കഴിഞ്ഞദിവസമാണ് കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന പത്തുകിലോ മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ ഷിഹാബിനെതിരേ പോലീസ് കേസെടുത്തത്. ഇതിനിടെയാണ് ഷിഹാബിനെതിരേ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും പുറത്തുവന്നത്. മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഷിഹാബിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന്‍ മോഷ്ടിച്ചത് എന്നാണ് പരാതി. കടയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു എന്നാണ് വ്യക്തമായിട്ടുള്ളത്. പത്തുകിലോയോളം മാമ്പഴം മോഷണം പോയെന്നാണ് പരാതി. ശിഹാബ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാമ്പഴം മാറ്റുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങളിലെ സ്‌കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ പോലീസുകാരനാണെന്ന് വ്യക്തമായത്. അതേസമയം, സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പ്രതികരണം.
Content Highlights: policeman shihab who stolen mango from a shop also accused in rape case
Published: 05 Oct 2022, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented