
വണ്ടിപ്പെരിയാർ (ഇടുക്കി): വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിൽ ഒളിക്യാമറ സ്ഥാപിക്കുകയും പകർത്തിയ ദൃശ്യങ്ങൾ അയച്ച് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്ത വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിപിഒ മുണ്ടക്കയം കോരുത്തോട് കുറ്റിപ്പുറം വീട്ടിൽ കെ. വൈശാഖ്(38) ദൃശ്യങ്ങൾ പകർത്തിയത് ഒരു സ്‌പൈ ക്യാമറയും മൊബൈൽ ഫോണും ഉപയോഗിച്ച്. ഇവ രണ്ടും വനിതാപോലീസ് ഉദ്യോഗസ്ഥർ വിശ്രമിക്കുകയും വസ്ത്രം മാറുകയുംചെയ്യുന്ന സ്റ്റേഷനിലെ മുറിയിലും സമീപത്തുള്ള ക്വാർട്ടേഴ്‌സിലെ റെസ്റ്റ് റൂമിലും മാറിമാറിവെച്ചു. ക്യാമറയും ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് വൈശാഖ് അറസ്റ്റിലായത്.
ആരും ശ്രദ്ധിക്കാതിരിക്കാൻ ഹോൾഡറിൽ ക്യാമറ
ബൾബിന്റെ ഹോൾഡറിൽ ഘടിപ്പിക്കുന്ന ചെറിയ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്താൻ പ്രധാനമായി ഉപയോഗിച്ചത്. അതിനാൽത്തന്നെ ക്യാമറ ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. ഓൺലൈൻ വഴിയാണ് ഹോൾഡർ ക്യാമറ വാങ്ങിയത്. ഇതിനൊപ്പം മൊബൈൽ ഫോണും റെസ്റ്റ് റൂമുകളിൽ മാറി മാറി വെച്ചു. ഏഴ് മാസത്തോളം ഇത് തുടർന്നു.
ക്വാർട്ടേഴ്‌സിലെ റെസ്റ്റ് റൂമിൽനിന്നാണ് കൂടുതൽ ദൃശ്യങ്ങൾ പകർത്തിയത്. പകൽസമയം ഇവിടെയാണ് സ്‌പെഷ്യൽ ഡ്യൂട്ടിയുള്ള വനിതാജീവനക്കാർ മിക്കപ്പോഴും വിശ്രമിക്കുന്നത്.
സ്റ്റേഷനിലെ ശൗചാലയത്തിലും ക്യാമറ വെച്ചിരുന്നതായി വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടില്ല. ദൃശ്യങ്ങൾ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ക്യാമറ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
പകർത്തി ദൃശ്യങ്ങൾ വാട്‌സാപ്പ് വഴി അയച്ചുകൊടുത്ത് തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതോടെയാണ് വൈശാഖിന്റെ കള്ളി വെളിച്ചത്തായത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ കർശന നിർദേശത്തെ തുടർന്ന് ബുധനാഴ്ച രാത്രിതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സസ്‌പെൻഡും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് കോടതി ഒരുദിവസത്തെ കസ്റ്റഡി അനുവദിച്ചു.
വെള്ളിയാഴ്ച രാവിലെ പതിന്നോടെ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ക്വാർട്ടേഴ്‌സിലും സ്റ്റേഷനിലെ വിശ്രമമുറിയിലും തെളിവെടുപ്പ് നടത്തി. മറ്റ് ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. രണ്ടരമണിക്കൂറിലധികം തെളിവെടുപ്പ് നീണ്ടു. തുടർന്ന് മുട്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Civil Police Officer arrested for planting hidden camera in women police changing room
Published: 14 Jun 2025, 10:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented