നിലമ്പൂര്‍: നിലമ്പൂരിലെ വനം വിജിലന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അനധികൃതമായി സൂക്ഷിച്ച ചന്ദനമര കഷണങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കിഴിശേരി മുണ്ടുപറമ്പ് സ്വദേശികളായ പുളിയക്കോട് പൂപ്പറ്റ വീട്ടില്‍ അബ്ദുള്‍ നാസര്‍ (48), നാസറിന്റെ സുഹൃത്ത് മുണ്ടുപറമ്പ് പുളിയക്കോട് വടക്കേത്ത് വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍ (56) എന്നിവരെയാണ് പിടികൂടിയത്. 32 കിലോഗ്രാം ചന്ദനമുണ്ട്. ചെറിയ കഷണങ്ങളും ചീളുകളും ചേര്‍ന്നതാണിത്. ഇവ വില്‍പ്പനക്കുള്ളതാണെന്നാണ് സൂചന.

To advertise here,

പുളിയക്കോടുള്ള അബ്ദുള്‍ നാസറിന്റെ വീടിന് സമീപത്തുള്ള ഷെഡില്‍ നിന്നാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ ചന്ദനമര കഷണങ്ങള്‍ പിടികൂടിയത്. വനം വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും നാളുകളായി വിജിലന്‍സ് വിഭാഗം രഹസ്യമായി പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. ചന്ദനവ്യാപാരവുമായി ബന്ധപ്പെട്ട് കൂടുതല്‍ സൂചനകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

തൊണ്ടിമുതലും പ്രതികളെയും കൊടുമ്പുഴ വനം സ്‌റ്റേഷന് കൈമാറും. തുടരന്വേഷണം കൊടുമ്പുഴ വനം സ്‌റ്റേഷന്റെ നേതൃത്വത്തിലായിരിക്കും നടത്തുകയെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു. പരിശോധനയിലും അറസ്റ്റിലും വനം വിജിലന്‍സ് റേഞ്ച് ഓഫീസര്‍ ബി. ബിജേഷ് കുമാര്‍, എസ്എഫ്ഒ വി. ജോസ്‌മോന്‍, ബിഎഫ്ഒമാരായ സി. അനില്‍കുമാര്‍, എസ്. സത്യരാജ് എന്നിവര്‍ പങ്കെടുത്തു.