ചേർത്തല (ആലപ്പുഴ): ഉത്സവത്തിനു പോയ പ്ലസ്ടു വിദ്യാർഥിയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ 17 അംഗ സംഘം ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നും പത്തും പ്രതികൾക്കു ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.

To advertise here,

പട്ടണക്കാട് കളപ്പുരക്കൽ വീട്ടിൽ അശോകന്റെ മകൻ അനന്തു (17) ആണ് കൊല്ലപ്പെട്ടത്. 2017 ഏപ്രിൽ അഞ്ചിനു രാത്രി ക്ഷേത്രത്തിലെ ഉത്സവത്തിനുപോയ അനന്തുവിനെ മുൻവൈരാഗ്യത്തിന്റെ പേരിൽ 17 അംഗ സംഘം കൂട്ടമായി അടിച്ചു കൊന്നതായാണ് കേസ്. നീലിമംഗലത്തിനു സമീപമുള്ള മൈതാനത്തുവെച്ചാണ് ആക്രമണം നടന്നത്. ഇതിൽ തലയിലും നെഞ്ചിലുമടക്കം ഉണ്ടായ പരിക്കുകളാണ് മരണത്തിനു കാരണമായത്.

ഒന്നാം പ്രതി വയലാർ പഞ്ചായത്ത് 13-ാം വാർഡ് തൈവീട്ടിൽ ശ്രീക്കുട്ടൻ (23), ആറാം വാർഡിൽ പാറേഴത്ത് വീട്ടിൽ അതുൽ (19) എന്നിവരെയാണ് ശിക്ഷിച്ചത്.

രണ്ടുമുതൽ ഒൻപതുവരെയുള്ള പ്രതികളായ ബാലമുരളി, ഹരികൃഷ്ണൻ, സംഗീത്, മിഥുൻ, ആനന്ദ്, രാഹുൽ, മനു, ഉണ്ണിക്കൃഷ്ണൻ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടത്. കേസിൽ പ്രതികളായ മറ്റ്‌ ഏഴുപേർ പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരുടെ വിചാരണ ജുവൈനൽ ജസ്റ്റിസ് ബോർഡ് പ്രത്യേക കോടതിയിൽ നടന്നുവരുകയാണ്. ചേർത്തല പോലീസ് സബ് ഇൻസ്പക്ടറായിരുന്ന സി.സി. പ്രതാപചന്ദ്രനാണ് കേസെടുത്തത്. സി.ഐ. വി.പി. മോഹൻലാലാണ് അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ എൻ.പി. ശാരി ഹാജരായി.

വിധിയിൽ തൃപ്തിയുണ്ടെന്ന്‌ അനന്തുവിന്റെ അച്ഛനമ്മമാരായ അശോകനും വിമലയും പറഞ്ഞു.  

കൊല്ലപ്പെട്ട അനന്തുവും പ്രതികളും ആർ.എസ്.എസ്. പ്രവർത്തകർ

കൊല്ലപ്പെട്ട അനന്തുവും പ്രതികളായ 17 പേരും ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു. ഇത്‌ കൊലപാതകത്തിന് ഏറെ രാഷ്ട്രീയ മാനങ്ങളുണ്ടാക്കിയിരുന്നു. വിവിധ രാഷ്ട്രീയപാർട്ടികൾ വിഷയം ഏറ്റെടുത്ത്‌ പ്രതിഷേധം ഉയർത്തിയിരുന്നു. സംഭവത്തിനുശേഷം മണിക്കൂറുകൾക്കുള്ളിൽത്തന്നെ പോലീസ് പ്രധാന പ്രതികളെയടക്കം പിടികൂടിയിരുന്നു.