മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയുടെ എൻ.സി.പി. നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താൻ കൊലയാളികൾക്ക് വാഗ്ദാനം ചെയ്തിരുന്നത് 25 ലക്ഷം രൂപയും കാറും ദുബായ് യാത്രയുമെന്ന് റിപ്പോർട്ട്. പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് ഇക്കാര്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 14 പേർ ജയിലിലാണ്. നാലുപേർ പോലീസ് കസ്റ്റഡിയിൽ ആണ്. ആദ്യ ശ്രമത്തിൽ പദ്ധതി പാളിപ്പോയാൽ കൊലയാളികളുടെ പക്കൽ പ്ലാൻ ബി ഉണ്ടായിരുന്നുവെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ​ഗൗരവ് വിലാസ് അപുനയെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 16-ാം പ്രതിയാണ് ഇയാൾ. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് പ്ലാൻ ബിയെക്കുറിച്ചുള്ള വിവരങ്ങൾ മുംബൈ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

പ്ലാൻ എ പാളിപ്പോയാൽ പ്ലാൻ ബി തയ്യാറാക്കി വെച്ചിരുന്നു. ഇതിനായി ജാർഖണ്ഡിൽ നിന്ന് ഫയറിങ് പരിശീലിച്ച ആറോളം ഷൂട്ടർമാർ തയ്യാറായി നില്പുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ നേരത്തെ തന്നെ അറസ്റ്റിലായ മറ്റൊരു പ്രതി രൂപേഷ് മോഹോളിന്റെ കൂടെയാണ് അപുനെ ജാർഖണ്ഡിൽ എത്തിയത്. കൊലപാതകത്തിന്റെ മുഖ്യാസൂത്രധാരനെന്ന് കരുതുന്ന ശുഭം ലോങ്കറിന്റെ അടുത്തായിരുന്നു ഷൂട്ടിങ് പരിശീലനം. പരിശീലനത്തിനായി ലോങ്കർ ഇവർക്ക് ആയുധങ്ങൾ നൽകിയെന്നും ഇവർ പരിശീനം നടത്തിയ ജാർഖണ്ഡിലെ സ്ഥലം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

അപുനെയും മോഹോളും ജൂലൈ 28നാണ് ജാർഖണ്ഡിലേക്ക് തിരിക്കുന്നത്. പൂണെയിലേക്ക് തിരിച്ചെത്തുന്നത് ജൂലൈ 29നും. തിരിച്ചെത്തിയ ഇവർ ശുഭം ലോങ്കറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. കൂട്ടുകാരുടെ കൂടെ ഉജ്ജൈയ്നിയിലേക്ക് യാത്ര പോകുകയാണെന്നായിരുന്നു പ്രതികളിൽ ഒരാളായെ അപുനെ കുടുംബാംഗങ്ങളോട് പറഞ്ഞത്. 

വൻ വാഗ്ദാനങ്ങളാണ് ശുഭം ലോങ്കർ പ്രതികൾക്ക് നൽകിയിരുന്നത്. 25 ലക്ഷം രൂപ, അപാർട്മെന്റ്, കാർ, ദുബായിലേക്കുള്ള യാത്ര തുടങ്ങിയവയായിരുന്നു പ്രതികളായ രൂപേഷ് മോഹോൾ, കരൺ സാൽവെ, ശിവം കൊഹാദ്, ​ഗൗരവ് അപുനെ എന്നിവർക്ക് നൽകിയിരുന്നത്. പ്രതികളുടെ പക്കൽ നിന്ന് അഞ്ച് പിസ്റ്റളും ക്രൈബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.