പറവൂർ: യുവാവ് പെൺസുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എൻ.എ.ഡി. കവല പുറത്തുപാറ വീട്ടിൽ പി.എസ്. സുരമ്യയാണു (24) കുത്തേറ്റു മരിച്ചത്. ശശികുമാറിന്റെയും സബിതയുടെയും മകളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് വടക്കേക്കര മുറവൻതുരുത്ത് കോലഞ്ചേരി വീട്ടിൽ ഷിബിനെ (34) വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

വ്യാഴാഴ്ച രാവിലെ 11.30-ഓടെ മുറവൻതുരുത്ത് ചെറുപാലത്തിന് സമീപമുള്ള ഷിബിന്റെ വീട്ടിൽവെച്ചാണ് കൊലപാതകം നടന്നത്. നേരത്തേ യുവതിയും ഷിബിനും തമ്മിൽ അടുപ്പത്തിലായിരുന്നു. നാലു മാസങ്ങൾക്കു മുൻപ് ബന്ധത്തിൽ നിന്നും യുവതി പിൻമാറിയിരുന്നു. എന്നാൽ പിൻമാറ്റത്തിൽ ഷിബിന് താത്പര്യമുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാമെന്ന് ഉറപ്പു നൽകിയാണ് ഷിബിൻ യുവതിയെ വിളിച്ചുവരുത്തിയത്.

ആലുവ ബാങ്ക് കവലയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലി നോക്കുന്ന സുരമ്യ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും രാവിലെ പറവൂരിൽ എത്തിയത്. പറവൂരിൽ നിന്ന് ഷിബിൻ തന്റെ ബൈക്കിൽ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വീടിനകത്തുവെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഷിബിൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു.

സംഭവം നടക്കുമ്പോൾ ഷിബിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. കൃത്യത്തിനു ശേഷം വീടുവിട്ടിറങ്ങിയ ഷിബിൻ വടക്കേക്കര പോലീസ് സ്‌റ്റേഷനിലെത്തി സംഭവം പറയുകയും കീഴടങ്ങുകയുമായിരുന്നു. പോലീസ് ഉടനെ വീട്ടിലെത്തി. പോലീസും നാട്ടുകാരും ചേർന്ന് കുത്തേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഴുത്തിലും നെഞ്ചിലുമാണ് ആഴത്തിലുള്ള കുത്തേറ്റിട്ടുള്ളത്. കുത്തുന്ന സമയത്ത് ഇവർ തമ്മിലുണ്ടായ പിടിവലിയിൽ ഷിബിന്റെ രണ്ടു കൈപ്പത്തികൾക്കും മുറിവേറ്റിട്ടുണ്ട്.

ഇൻക്വസ്റ്റിനു ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്‌കാരം നടക്കും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സുരമ്യ എടത്തല പഞ്ചായത്ത് ഏഴാം വാർഡായ പൂക്കാട്ടുമുകളിൽ ട്വന്റി ട്വന്റി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. സഹോദരൻ: സൂരജ്.