പന്തളം: റോഡിലൂടെ നടന്നുപോയ യുവതിയെ വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ പന്തളം പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ പാതിരപ്പള്ളി പടിഞ്ഞാറെ വിളയിൽ കരിങ്ങാറ്റ കുഴിയിൽ വീട്ടിൽ സുമേഷ് (48)ആണ് പിടിയിലായത്. കിളിമാനൂർ നാഗരൂർ സ്വദേശി ബിന്ദുകുമാരി(43)യ്ക്കാണ് വെട്ടേറ്റത്.

To advertise here,

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ തുമ്പമൺ-കീരുകുഴി റോഡിൽ പഞ്ചായത്തോഫീസിന് സമീപംവെച്ചാണ് ആക്രമണം. തുമ്പമണിലുള്ള വീട്ടിൽ ജോലിനോക്കുന്ന ബിന്ദു പന്തളത്തുള്ള വാടകവീട്ടിൽനിന്ന് ജോലിചെയ്യുന്ന വീട്ടിലേക്ക് പോകുംവഴിയാണ് വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ബിന്ദുവെന്നും സുമേഷുമായി അടുപ്പത്തിലായിരുന്നുവെന്നും ഇപ്പോഴുണ്ടായ അകൽച്ചയാകാം ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. തലയ്ക്ക് പൊട്ടലും ആഴത്തിൽ മുറിവുമേറ്റ ബിന്ദുവിനെ അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.