തലശ്ശേരി: ബിജെപി നേതാവായ അധ്യാപകന്‍ കെ. പദ്മരാജന്‍ പ്രതിയായ പാലത്തായി പീഡനകേസില്‍ കൗണ്‍സലിങ് നടത്തിയവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായി അതിവേഗ പോക്‌സോ കോടതി. അത് തടയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശ്രമിച്ചില്ല.

To advertise here,

അന്വേഷണസംഘവും ഉദ്യോഗസ്ഥരും ഇടയ്ക്ക് മാറിയത് കുട്ടിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കി. പൂട്ടുള്ള ശൗചാലയം എന്ന് കുട്ടി പറഞ്ഞത് മഹസര്‍ എഴുതിയപ്പോള്‍ പൂട്ടില്ലാത്തത് എന്നായി. കുട്ടിയുടെ വിശദമായ മൊഴിയും കേസന്വേഷണഘട്ടത്തില്‍ കുട്ടിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടും അന്വേഷണത്തിലെ പിഴവുമെല്ലാം ചൂണ്ടിക്കാട്ടുന്നതാണ് ജഡ്ജി എ.ടി. ജലജാറാണിയുടെ 167 പേജുള്ള വിധിന്യായം. പ്രതിയെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റി.

നീതിദേവത കണ്ണ് തുറന്നു

ചവറ്റുകൊട്ടയില്‍ എറിയണമെന്ന് ചിലര്‍ ആഗ്രഹിച്ച കേസില്‍ നീതിദേവത കണ്ണ് തുറന്നു. കുട്ടിക്ക് നല്ല നീതി കിട്ടി. കെട്ടിച്ചമച്ച കേസാണെന്ന പ്രതിഭാഗത്തിന്റെ ആരോപണം കോടതിയിലാണ് തെളിയിക്കേണ്ടത്. ഇതൊക്കെ പരിഗണിച്ച ശേഷമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ ഹൈക്കോടതി ഇടപെടല്‍ ഉള്‍പ്പെടെ ഉണ്ടായതാണ്. തുടക്കത്തില്‍ കുട്ടിയുടെ കുടുംബത്തിന് നിരാശ നല്‍കുന്ന അന്വേഷണമായിരുന്നു. ഹൈക്കോടതി പ്രത്യേകസംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അന്വേഷണം മെച്ചപ്പെട്ടത്.

-കെ. അജിത്ത്കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

സന്തോഷം നല്‍കുന്ന വിധി

ജീവിതാന്ത്യംവരെ തടവ് എന്നത് പ്രതിക്ക് ലഭിച്ച പരമാവധി ശിക്ഷയാണ്. പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയും സംബന്ധിച്ചിടത്തോളം സന്തോഷമുള്ള വിധിയാണ്. ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന കുട്ടിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിലുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും പ്രതി തിരുത്താന്‍ തയ്യാറാകാത്തതിനാല്‍ വധശിക്ഷ ഉള്‍പ്പെടെ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു ശിക്ഷയിന്‍മേലുള്ള പ്രോസിക്യൂഷന്റെ വാദം. ശിക്ഷയെക്കുറിച്ച് ചോദിച്ചപ്പോഴും പ്രതി പറഞ്ഞത് വര്‍ഗീയതെക്കുറിച്ചും ഭീകരതയെക്കുറിച്ചുമാണ്. 12 വയസ്സില്‍ താഴെയുള്ള കുട്ടിയാണ് ബലാത്സംഗത്തിനിരയായത്

-പി.എം. ഭാസുരി, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍