പാലക്കാട്: പോലീസിന് ലഭിച്ച മൂന്നാമത്തെ പരാതിയിലാണ് ഇപ്പോൾ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രൂരമായ ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് പരാതി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരിയെന്നാണ് സൂചന.  ഇവർ ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്. ഹോട്ടലിൽവെച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

To advertise here,

പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിൽ നിന്നും ഞായറാഴ്ച പുലർച്ചെ 12.30-ഓടെയാണ് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  നിലവിൽ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇ-മെയിൽ വഴി ഡിജിപിക്കാണ് യുവതി പരാതി അയച്ചത്. പിന്നാലെ രാഹുലിനെതിരേ നേരത്തേ ലഭിച്ച ബലാത്സംഗ പരാതികളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വീഡിയോ കോൺഫറൻസിങ് വഴി യുവതിയുടെ മൊഴിയെടുക്കുകയായിരുന്നു. നേരത്തേ ലഭിച്ച രണ്ട് പരാതികളിലും രാഹുലിനെതിരേ കെസെടുത്തിരുന്നെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

ആദ്യ പരാതിയിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ പരാതിയിൽ തിരുവനന്തപുരത്തെ വിചാരണ കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വളരെ നാടകീയമായി രാഹുൽ വോട്ടുചെയ്യാനെത്തിയത്.

അതീവ രഹസ്യമായ ഓപ്പറേഷനിലൂടെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുൽ ഒളിവിൽ പോകാതിരിക്കാനും മുൻകൂർ ജാമ്യത്തിനായി ശ്രമിക്കാതിരിക്കാനും അതീവ രഹസ്യമായിട്ടായിരുന്നു നീക്കം.

ഞായറാഴ്ച പുലർച്ചെ 12.15-ഓടെ ഹോട്ടലിലെത്തിയ പോലീസ് സംഘം റിസപ്ഷനിലുണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ വാങ്ങിവെച്ച ശേഷമാണ് കസ്റ്റഡി നീക്കങ്ങളിലേക്ക് നീങ്ങിയത്. ഇതിനു മുമ്പേ തന്നെ കെപിഎം ഹോട്ടലിൽ പ്രത്യേക പോലീസ് സംഘം മുറിയെടുത്ത് രാഹുലിനെ നിരീക്ഷിച്ചിരുന്നു. പിന്നീടാണ് ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് ജീപ്പുകളിലായി എട്ടംഗ പോലീസ് സംഘമാണ് ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരൻ അടക്കം ഈ സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.

ഹോട്ടലിലെ 2002-ാം നമ്പർ മുറിയിലായിരുന്നു രാഹുലുണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ മുറിയിൽ നിന്ന് പോയി എന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസ് മുറിയിലെത്തിയത്. ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് പോലീസ് മുറി തുറക്കുകയായിരുന്നു. പോലീസാണെന്ന് അറിയിച്ചതോടെ ആദ്യം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ രാഹുൽ വിസമ്മതിച്ചു. പിന്നീട് വഴങ്ങുകയായിരുന്നു. കസ്റ്റഡിയാണെന്ന് പറഞ്ഞതോടെ എതിർത്തു. എന്നാൽ 15 മിനിറ്റുകൊണ്ട് നടപടികൾ പൂർത്തിയാക്കി പോലീസ് രാഹുലുമായി പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു.