To advertise here,

പാലക്കാട് : നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം താണാവ് മേൽപ്പാലത്തിനുതാഴെ ചാക്കിൽക്കെട്ടി ഉപേക്ഷിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാംപ്രതി ആറുവർഷത്തിനുശേഷം പിടിയിൽ. തമിഴ്നാട് തിരുവള്ളൂർ പടിയനല്ലൂർ സുരേഷ് (റഹീം-38) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചരാത്രി 9.30-ന് തഞ്ചാവൂരിനടുത്തുള്ള കോരടച്ചേരിയിൽ നിന്നാണ് പ്രതിയെ പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാംപ്രതി ചെന്നൈ എഗ്മോർ സ്വദേശി സത്യ (പടയപ്പ-33), നാലാംപ്രതി തഞ്ചാവൂർ പട്ടുക്കോട്ടൈ മല്ലിപ്പട്ടണം സ്വദേശി ഫെമിന പിച്ചൈക്കനി (27) എന്നിവർ ഒളിവിലാണ്.

2019 ജനുവരി 15-നാണ് സംഭവം. റെയിൽവേ പാളത്തിനരികിലാണ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞു.

പ്രദേശത്തെ ഭിക്ഷാടന സംഘത്തിനൊപ്പം നാലുവയസ്സുള്ള കുട്ടി ഉണ്ടായിരുന്നെന്ന് ഒലവക്കോട് ആർ.പി.എഫ്. സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായിരുന്ന കെ.കെ. സൂരജ് നൽകിയ നിർണായക വിവരമാണ് കേസിൽ വഴിത്തിരിവായത്. അന്വേഷണത്തിൽ ഭിക്ഷാടനസംഘത്തിലെ അഞ്ചുപേരെ രണ്ടുഘട്ടമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുട്ടിയെ സുരേഷും സത്യയും ചേർന്നാണ് പീഡിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. നിലവിളിച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു. അപ്പോൾ ശ്വാസംമുട്ടി മരിക്കയായിരുന്നു. മരണം ഉറപ്പുവരുത്താൻ കുട്ടിയുടെ കാലുറകൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും ചെയ്തു. ശബ്ദംകേട്ടുവന്ന മറ്റുള്ളവരും ചേർന്ന് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കയായിരുന്നു. 

2020-ൽ ജാമ്യത്തിലിറങ്ങിയ ഇവർ ഒളിവിൽപ്പോയി. മൂന്നാംപ്രതി തിരുപ്പൂർ എം.ജി.ആർ. കോളനിയിലെ കദീജബീവി (46), അഞ്ചാം പ്രതി ഈറോഡ് ഗോപിച്ചെട്ടിപാളയം കവിത (ഫാത്തിമ-46) എന്നിവർ ജയിലിലാണ്.

ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർമാരായ ബി. പ്രമോദ്, അജയ് എസ്.മേനോൻ, ജി.എസ്. സി.പി.ഒ.മാരായ രാജേഷ്, സുജിത്ത്, അജേഷ്, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

അന്വേഷണം മൊബൈൽഫോണും പോർട്ടലുകളും കേന്ദ്രീകരിച്ച്

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളെ 2023-ൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ ഇവരുടെ മൊബൈൽ ഫോണുകളും വിവിധ നിരീക്ഷണ പോർട്ടലുകളും കേന്ദ്രീകരിച്ച് അന്വേഷിച്ചുവരികയായിരുന്നു. പ്രതികൾ പലതവണ സിംകാർഡും ഫോണും മാറ്റി. പലയിടത്തും അലഞ്ഞുതിരിഞ്ഞു നടക്കുന്നവരായതിനാൽ കണ്ടെത്താനും ബുദ്ധിമുട്ടായിരുന്നു. ചെന്നൈ, തഞ്ചാവൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ സുരേഷ് എത്തിയെന്ന വിവരം ലഭിച്ചതോടെ പോലീസ് സംഘം അന്വേഷണം അവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിനിടെയാണ് തഞ്ചാവൂരിൽ ഇയാളുണ്ടെന്ന സൂചന ലഭിച്ചത്. നാട്ടുകാരെ പറഞ്ഞുമനസ്സിലാക്കി സുരേഷിനെ പോലീസ് പിടികൂടുകയായിരുന്നു.