പാലക്കാട്: സ്‌കൂൾ വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലമ്പുഴയിലെ ഒരു സ്‌കൂളിലെ അധ്യാപകനായ അനിലിനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. സ്‌കൂളിലെ വിദ്യാർഥിയായ 12 വയസ്സുകാരനെയാണ് ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യംനൽകി പീഡിപ്പിച്ചത്. കഴിഞ്ഞ നവംബർ 29-നായിരുന്നു സംഭവം.

To advertise here,

പീഡനത്തിനിരയായ വിദ്യാർഥി കൂട്ടുകാരനായ ഒരുകുട്ടിയോടാണ് പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് കൂട്ടുകാരന്റെ അമ്മ വഴിയാണ് പീഡനവിവരം പുറത്തറിഞ്ഞത്. അതേസമയം, ഡിസംബർ 18-ന് വിവരം ലഭിച്ചിട്ടും സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകാതെ വൈകിപ്പിച്ചെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഇതിനിടെ, പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. സ്‌പെഷ്യൽബ്രാഞ്ച് അന്വേഷണത്തിൽ സംഭവത്തിൽ വാസ്തവമുണ്ടെന്നും കണ്ടെത്തി. ഇതിനുപിന്നാലെയാണ് സ്‌കൂൾ അധികൃതർ കഴിഞ്ഞദിവസം പോലീസിൽ പരാതിനൽകിയത്. തുടർന്ന് മലമ്പുഴ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

അതേസമയം, പരാതി നൽകാൻ വൈകിയിട്ടില്ലെന്നും കഴിഞ്ഞദിവസമാണ് കുട്ടിയുടെ ബന്ധുക്കൾ സ്‌കൂളിൽ പരാതി നൽകിയതെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. സംഭവമറിഞ്ഞതിന് പിന്നാലെ അധ്യാപകനെ സ്‌കൂളിൽനിന്ന് പുറത്താക്കിയെന്നും അധികൃതർ അറിയിച്ചു.