തിരുമിറ്റക്കോട്(പാലക്കാട്): ആറങ്ങോട്ടുകര-കൂട്ടുപാത റോഡിൽ കോഴിക്കാട്ടിരി പാലത്തിനുസമീപം നാലുപേരടങ്ങുന്ന മുഖംമൂടിസംഘം പ്രവാസിവ്യവസായിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി.

To advertise here,

സൗദി അറേബ്യയിലും മലപ്പുറം ജില്ലയിലും ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഉടമയായ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കൽ മുഹമ്മദലി(ആലുങ്ങൽ മുഹമ്മദലി-68)യെയാണ് സ്വകാര്യ വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം റോഡിൽ കാർ കുറുകെ നിർത്തി തട്ടിക്കൊണ്ടുപോയത്. ശനിയാഴ്‌ച വൈകീട്ട് ആറേകാലോടെയാണ് സംഭവം. കാളികാവിലെ വീട്ടിൽനിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു മുഹമ്മദാലി.

ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ തകർത്ത നിലയിലാണുള്ളത്. വാഹനവും ഡ്രൈവറെയും റോഡിൽ ഉപേക്ഷിച്ചാണ് അക്രമികൾ പ്രവാസിവ്യവസായിയെയുംകൊണ്ട് കടന്നതെന്ന് പോലീസ് പറയുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി.

പോലീസ് സിസിടിവി ക്യാമറകൾ നിരീക്ഷിച്ചുവരുകയാണ്. ഡ്രൈവറുടെ മൊഴിയുമെടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ചാലിശ്ശേരി പോലീസ്‌ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.