
നോയിഡ: കാമുകനെ വിവാഹം കഴിക്കാനായി അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്താനി യുവതിക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പാകിസ്താനിലെ ഖൈര്‍പുര്‍ സ്വദേശിയായ സീമ ഹൈദറി(27)നെതിരെയാണ് ഫോറിനേഴ്‌സ് ആക്ട്, പാസ്‌പോര്‍ട്ട് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. സംഭവത്തില്‍ യുവതിയുടെ കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍ സിങ്ങിനെ(22)യും ഇയാളുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാക് യുവതിയെ സഹായിച്ചതിനും അനധികൃതമായി ഇവരെ താമസിപ്പിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അതേസമയം, എന്തുവന്നാലും തനിക്ക് കാമുകനായ സച്ചിനെ വിവാഹം കഴിക്കണമെന്നായിരുന്നു പാക് യുവതിയുടെ ആവശ്യം. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും നാലുകുട്ടികളുമായി ഇന്ത്യയിലെത്തിയ യുവതി പോലീസിനോട് പറഞ്ഞിരുന്നു.
Also Read
'ഇവിടെകിടന്ന് മരിക്കാനും ഞാന്‍ തയ്യാറാണ്. ഇനി ഒരിക്കലും പാകിസ്താനിലേക്ക് തിരികെപോകില്ല. അവിടെ എനിക്ക് ആരുമില്ല. ഒരുവര്‍ഷം മുന്‍പ് ഭര്‍ത്താവ് വിവാഹമോചനം നേടി. എനിക്ക് സച്ചിനെയാണ് ഇഷ്ടം. അദ്ദേഹത്തെ വിവാഹം കഴിക്കണം', സീമ ഹൈദര്‍ പറഞ്ഞു.
പാക് യുവതിയുമായുള്ള വിവാഹം നടത്തിത്തരണമെന്നായിരുന്നു അറസ്റ്റിലായ സച്ചിന്റെയും പ്രതികരണം. തന്റെ വിവാഹം നടത്തിത്തരാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യര്‍ഥിക്കുകയാണ്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. തനിക്ക് സീമയെ ഇഷ്ടമാണ്. അവള്‍ പാകിസ്താനി ആയതുകൊണ്ട് മാത്രമാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സച്ചിന്‍ സിങ് പറഞ്ഞു.
അതിനിടെ, യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് പാകിസ്താനില്‍നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വരാന്‍ സീമ ഹൈദറും സച്ചിനും തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് വരാനുള്ള മാര്‍ഗം എന്താണെന്ന് ഇരുവരും യൂട്യൂബില്‍ തിരഞ്ഞിരുന്നു. ഈ വീഡിയോകളില്‍നിന്നാണ് നേപ്പാള്‍ വഴി വരുന്നതാണ് എളുപ്പമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പാകിസ്താനില്‍നിന്ന് ദുബായിലേക്കും അവിടെനിന്ന് നേപ്പാളിലേക്കും വിമാനത്തില്‍ യാത്രചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പാകിസ്താനിലെ വീടും സ്ഥലവും വിറ്റാണ് സീമ ഹൈദര്‍ യാത്രയ്ക്കുള്ള പണം സ്വരൂപിച്ചത്. 12 ലക്ഷം രൂപയാണ് വീട് വിറ്റതിലൂടെ ഇവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് നാലുകുട്ടികളെയും കൂട്ടി സീമ പാകിസ്താനില്‍നിന്ന് യാത്രതിരിക്കുകയായിരുന്നു.
പാകിസ്താനിലെ ട്രാവല്‍ ഏജന്‍സി മുഖേനയാണ് ദുബായിലേക്കും അവിടെനിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലേക്കും വിമാനടിക്കറ്റെടുത്തത്. മേയ് പത്താം തീയതി പാകിസ്താനില്‍നിന്ന് യാത്രതിരിച്ച യുവതിയും നാലുകുട്ടികളും മേയ് 11-ന് കാഠ്മണ്ഡുവിലെത്തി. അവിടെനിന്ന് പൊഖ്ര വരെ ബസിലായിരുന്നു യാത്ര. അതിര്‍ത്തി കടന്ന് ഡല്‍ഹിയിലേക്കും ബസില്‍ യാത്ര തുടര്‍ന്നു. യമുന എക്‌സ്പ്രസ് വേയില്‍ രാബുപുരയ്ക്ക് സമീപമാണ് യുവതി ബസിറങ്ങിയത്. ഇവിടെ യുവതിയെ കാത്ത് കാമുകനായ സച്ചിനുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും ദമ്പതിമാരെന്ന വ്യാജേന വാടകവീട് സംഘടിപ്പിച്ച് ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു.
2020-ല്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പബ്ജി ഗെയിമിലൂടെയാണ് സച്ചിനും സീമയും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും മൊബൈല്‍നമ്പറുകള്‍ കൈമാറുകയും അടുപ്പത്തിലാവുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ കമിതാക്കളായ രണ്ടുപേരും നേപ്പാളില്‍ എത്തി നേരിട്ടുകണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് വിവാഹം കഴിക്കാനും കുട്ടികളെ കൂട്ടി ഇന്ത്യയിലേക്ക് വരാനും സീമ തീരുമാനിച്ചത്.
അതിനിടെ, പാക് യുവതിയില്‍നിന്ന് ഒരു സിംകാര്‍ഡും അഞ്ച് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താനിലെ തിരിച്ചറിയല്‍ രേഖകള്‍, പാസ്‌പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വിമാനടിക്കറ്റുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ആദ്യവിവാഹത്തിന്റെ ദൃശ്യങ്ങളടങ്ങിയ സി.ഡി.യും യുവതിയുടെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പാക് യുവതിയുടെ മൊഴിയില്‍ പലതരത്തിലുള്ള വൈരുദ്ധ്യങ്ങളുണ്ടെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. അഞ്ചാംക്ലാസ് വരെ പഠിച്ചിട്ടുള്ളൂവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ എന്നിവയെല്ലാം യുവതി അനായാസം കൈകാര്യംചെയ്യുമെന്നും ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിയെക്കുറിച്ച് സംശയങ്ങളുള്ളതിനാല്‍ കേന്ദ്ര ഏജന്‍സികളടക്കം അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
Content Highlights: pakistani woman and indian boy pubg love story
Published: 05 Jul 2023, 11:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented