ഇസ്ലാമാബാദ്: പാകിസ്താനിലെ 'കൊക്കെയ്ൻ ക്വീൻ' അറസ്റ്റിൽ. പാകിസ്താനിലെ വമ്പൻ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയായ അൻമോൾ എന്ന പിങ്കിയെയാണ് കറാച്ചി പോലീസ് പിടികൂടിയത്. ഏറെനാളായി അന്വേഷണ ഏജൻസികളെ വെട്ടിച്ച് കഴിയുകയായിരുന്ന യുവതിയിൽനിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

To advertise here,

'കൊക്കെയ്ൻ ക്വീൻ' എന്ന പേരിലാണ് 31-കാരിയായ പിങ്കി പാകിസ്താനിൽ കുപ്രസിദ്ധി നേടിയത്. 'ക്വീൻ മാഡം പിങ്കി' എന്ന സ്വന്തം ബ്രാൻഡിലാണ് യുവതി മയക്കുമരുന്ന് വിൽപ്പനയ്‌ക്കെത്തിച്ചിരുന്നത്. മയക്കുമരുന്ന് നിർമിക്കാനായി 'സഞ്ചരിക്കുന്ന നിർമാണ യൂണിറ്റ്' ഉൾപ്പെടെ സജ്ജമാക്കിയിരുന്നു. പാകിസ്താനിലെ ലാഹോർ, ഇസ്ലാമാബാദ്, കറാച്ചി, മുൾട്ടാൻ തുടങ്ങിയ മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വൻ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിച്ചിരുന്നതും പിങ്കിയായിരുന്നു.

ചൊവ്വാഴ്ച കറാച്ചിയിൽ പോലീസ് നടത്തിയ റെയ്ഡിലാണ് പിങ്കി പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ പിങ്കി 2018-ലാണ് ആദ്യമായി പോലീസ് പിടിയിലായത്. എന്നാൽ, ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രതി ജാമ്യം നേടുകയും പുറത്തിറങ്ങുകയുംചെയ്തു. ഇതിനുശേഷവും ഒട്ടേറെ മയക്കുമരുന്ന് കേസുകളിൽ 'കൊക്കെയ്ൻ ക്വീൻ' പ്രതിചേർക്കപ്പെട്ടിരുന്നു. പക്ഷേ, ഏറെക്കാലമായിട്ടും പോലീസിന് പ്രതിയെ പിടികൂടാനായിരുന്നില്ല.

കൗമാരത്തിൽ തന്നെ മയക്കുമരുന്ന് മാഫിയകളുമായി ബന്ധം സ്ഥാപിച്ച പിങ്കി, പിന്നീട് 'കൊക്കെയ്ൻ ക്വീൻ' ആയി കുപ്രസിദ്ധി നേടുകയായിരുന്നു. പാകിസ്താനിലെ ഉന്നതരുമായി പിങ്കിയ്ക്ക് അടുത്ത ബന്ധമാണുള്ളത്. എവിടെയും തിരിച്ചറിയാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും ആസിഡ് ഉപയോഗിച്ച് വിരലടയാളം വരെ നശിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളിലുണ്ട്.

അതേസമയം, കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് പോലീസും അന്വേഷണ ഉദ്യോഗസ്ഥരും 'വിഐപി' പരിഗണന നൽകിയതും വലിയ വിവാദമായിട്ടുണ്ട്. ടീഷർട്ടും മാസ്‌കും കൂളിങ് ഗ്ലാസും ധരിച്ച് കൈവിലങ്ങുകൾ ഇല്ലാതെ 'കൊക്കെയ്ൻ ക്വീൻ' കോടതിയിൽ വരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പോലീസുകാർ പ്രതിക്ക് വഴികാട്ടി നൽകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇത് വിവാദമായതോടെ കറാച്ചി പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.