
ന്യൂഡൽഹി: അമേരിക്കയിലെ മെരിലാൻഡിൽ കഴിഞ്ഞ പുതുവത്സരദിനത്തിന്റെ തലേന്ന് റൂംമേറ്റിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്തതായി സ്ഥിരീകരിച്ച് പോലീസ്. അമേരിക്കയിലെ എല്ലികോട്ട് സിറ്റിയിൽ താമസക്കാരിയായ നികിത ഗോഡിശാല (27) എന്ന യുവതിയുടെ വധക്കേസുമായി ബന്ധപ്പെട്ടാണ് അർജുൻ ശർമ്മയെ (26) അറസ്റ്റു ചെയ്തത്.
നികിതയുടെ പിതാവ് ആനന്ദ് ഗോഡിശാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ് ആഗ്രയിലെ ഒരു ഫ്‌ളാറ്റിൽനിന്ന് അർജുനെ കസ്റ്റഡിയിലെടുത്തത്. എട്ടുമാസത്തെ തിരച്ചിലിനൊടുവിലാണ് അർജുൻ ശർമ്മയെ പിടികൂടിയത്. 2025 ഡിസംബർ 31-നാണ് കൊലപാതകം നടന്നത്.
നികിതയെ കാണാനില്ലെന്ന് അർജുൻ തന്നെയാണ് ജനുവരി രണ്ടിന് ഹൊവാർഡ് കൗണ്ടി പോലീസിനെ അറിയിച്ചത്. പിന്നീട് ഇയാൾ രക്ഷപ്പെടുകയായിരുന്നു. മേരിലാൻഡിലെ കൊളംബിയയിലുള്ള അർജുന്റെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിലാണ് നികിതയെ കണ്ടെത്തിയത്. അർജുൻ നികിതയുടെ മുൻ കാമുകനാണെന്നാണ് പോലീസ് വിശേഷിപ്പിച്ചത്, എന്നാൽ, ഇക്കാര്യം നികിതയുടെ ബന്ധുക്കൾ തള്ളി.
ഇരുവരും റൂംമേറ്റുകളായിരുന്നെന്നും കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും നികിതയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നികിതയെ കൊലപ്പെടുത്തിയ ശേഷം അർജുൻ ശർമ്മ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞുവെന്ന് ആരോപിച്ച് കൊലപാതകക്കുറ്റങ്ങൾ ചുമത്തി യുഎസ് പോലീസ് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നികിതയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ മുറിവുകളുണ്ടെന്നും 2025 ഡിസംബർ 31-നാണ് മരണം സംഭവിച്ചതെന്ന് കരുതുന്നതായുമാണ് ജനുവരി നാലിന് അധികാരികൾ ഔദ്യോഗികമായി നികിതയുടെ കുടുംബത്തെ അറിയിച്ചത്.
നിലവിൽ ഡൽഹിയിലെ കോടതി റിമാൻഡ് ചെയ്ത പ്രതിയെ ഉടൻതന്നെ അമേരിക്കയ്ക്ക് കൈമാറും. യുവതിയിൽനിന്ന് പണം വാങ്ങി തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയെ തുടർന്ന് ഏപ്രിലിലാണ് അർജുനെതിരെ തെലങ്കാനയിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഹൈദരാബാദ് പോലീസ് വ്യക്തമാക്കി.
'അന്വേഷണത്തിനിടയിൽ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു പോലീസ് സംഘത്തെ ആഗ്രയിലേക്ക് അയക്കുകയും അവർ അവിടെയുള്ള ഒരു ഫ്‌ളാറ്റിൽനിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. യുഎസിൽ ഇയാൾക്കെതിരെ നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും ജാമ്യമില്ലാ വാറണ്ട് നിലനിൽക്കുകയും ചെയ്യുന്നതിനാൽ കേന്ദ്ര അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്.' അന്വേഷണ സംഘത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
അറസ്റ്റിലായ അർജുൻ ശർമ്മയെ കേന്ദ്ര ഏജൻസികൾ ന്യൂഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുകയും കൊലക്കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 25-ന് റിമാൻഡ് ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അർജുൻ ശർമ്മ ഇപ്പോൾ ഇന്ത്യയിൽ കസ്റ്റഡിയിലാണെന്നും അയാളെ വൈകാതെ യുഎസിൽ എത്തിക്കുമെന്ന് തങ്ങളെ അറിയിച്ചതായി ഹൊവാർഡ് കൗണ്ടി പോലീസ് അറിയിച്ചു.
കഴിഞ്ഞ നാല് വർഷമായി യുഎസിൽ താമസിച്ചിരുന്ന നികിത അവിടെ ഡാറ്റാ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഹൈദരാബാദിൽ താമസിക്കുന്ന നികിതയുടെ കുടുംബം പറയുന്നതനുസരിച്ച്, 2025 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ അർജുൻ ശർമ്മയ്ക്ക് ജോലി നഷ്ടപ്പെടുകയും തുടർന്ന് നികിതയിൽനിന്നും അവരുടെ കുടുംബാംഗങ്ങളിൽനിന്നും പണം കടം വാങ്ങുകയും ചെയ്തിരുന്നു.
നികിതയ്ക്ക് നൽകാനുള്ള പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും അർജുൻ ശർമ്മയ്ക്ക് യുഎസ്സിലുള്ള മറ്റ് ചിലരുമായും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മാത്രമല്ല, കൊലപ്പെടുത്തിയ ശേഷം നികിതയുടെ പക്കലുണ്ടായിരുന്ന പണവുമായാണ് അർജുൻ ഇന്ത്യയിലേക്ക് കടന്നതെന്നും അവർ പറയുന്നു. ഈ വിഷയങ്ങളിലെല്ലാം തുടരന്വേഷണം നടത്തുമെന്ന് ഹൊവാർഡ് കൗണ്ടി പോലീസ് വ്യക്തമാക്കി.
Content Highlights: Arjun Sharma arrested in Agra for the murder of Nikitha Godishala in the US. Nikitha Godishala was found dead with stab wounds in her Maryland apartment on January 2. The killing is suspected to be financially motivated following money disputes. Sharma was produced before a Delhi court and remanded on August 25 pending extradition.
Published: 28 Aug 2026, 05:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented