നാസിക്: ടിസിഎസ് ബിപിഓ കേന്ദ്രത്തിലെ ലൈംഗികപീഡനവും മതപരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ 'മുഖ്യസൂത്രധാര' എന്ന് പോലീസ് പറയുന്ന നിദ ഖാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കും. നിദ ഗർഭിണിയാണെന്നും അതുകൊണ്ടുതന്നെ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുമെന്നും അവരുടെ അഭിഭാഷകൻ ബാബ സയ്യിദ് അറിയിച്ചു. അതേസമയം, നിദ നിരപരാധിയാണെന്നും ഒളിവിൽ പോയിട്ടില്ലെന്നും വാദിച്ച് അവരുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
നിദ ഒരു സാധാരണ ജീവനക്കാരി മാത്രമാണെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. നിദ ഒളിവിൽ പോയിട്ടില്ലെന്നും അവർ അനാവശ്യമായി ക്രൂശിക്കപ്പെടുകയാണെന്നും ബന്ധുക്കൾ പറയുന്നു. രണ്ടുദിവസത്തിനകം അവർ മുൻകൂർ ജാമ്യത്തിനായുള്ള നീക്കങ്ങൾ നടത്തുമെന്ന് നിദയുടെ അഭിഭാഷകൻ ബാബ സയ്യിദിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് 23 വയസ്സുള്ള ബിപിഒ ജീവനക്കാരി തന്റെ സീനിയർ സഹപ്രവർത്തകനായ ഡാനിഷ് ഷെയ്ഖിനെതിരെ നൽകിയ പരാതിയെത്തുടർന്നാണ് നാസിക് പോലീസ് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള സെക്ഷൻ 69 (വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധം), 75 (ലൈംഗികാതിക്രമം), 299 (മതവിശ്വാസത്തെ അപമാനിക്കൽ), 3 (5) (കൂട്ടുത്തരവാദിത്തം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് മൊത്തം ഒമ്പത് എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ, മാർച്ച് 26-ന് ദേവ്ലാലി പോലീസ് സ്റ്റേഷനിൽ മതപരമായ പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിന്മേൽ തയ്യാറാക്കിയ എഫ്ഐആറിലാണ് നിദ ഖാന്റെ പേര് പരാമർശിച്ചിട്ടുള്ളത്. ജോലിസ്ഥലത്ത് നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജീവനക്കാർ നൽകിയ പരാതികൾ പൂഴ്ത്തിവെക്കാനും പരാതിക്കാരെ അടിച്ചമർത്താനും പ്രതികളെ സംരക്ഷിക്കാനും ശ്രമിച്ചത് എച്ച്ആർ മാനേജരായ നിദ ഖാനാണ് എന്നാണ് പോലീസ് ആരോപിക്കുന്നത്.
അന്വേഷണത്തിനിടയിൽ പ്രതികൾ തമ്മിൽ നടത്തിയ സംശയാസ്പദമായ 78 ഫോൺ കോളുകൾ, ഇമെയിലുകൾ, ചാറ്റുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. കേസിലെ 'സൂത്രധാര' എന്ന് പോലീസ് ആരോപിക്കുന്ന എച്ച്ആർ ഹെഡ് നിദ ഖാൻ ഒളിവിലാണെന്നും പോലീസ് പറയുന്നു.
അതേസമയം, നിദ ഖാൻ ഗർഭിണിയാണെന്നും അവർ വീട്ടിൽതന്നെ ഉണ്ടെന്നും ഒളിവിലാണെന്ന പോലീസ് ആരോപണം തെറ്റാണെന്നും കുടുംബം അവകാശപ്പെടുന്നു. 2021 ഡിസംബറിലാണ് നിദ ബിപിഒയിൽ ജോലിക്ക് കയറിയത്. എച്ച്ആർ വിഭാഗത്തിലല്ല, മറിച്ച് ഒരു ടെലികോളർ ആയിട്ടാണ് നിദ അവിടെ ജോലി ചെയ്തിരുന്നത്. നിദ കമ്പനിയിലെ സീനിയർ സ്റ്റാഫ് ആയിരുന്നില്ല എന്നും കുടുംബം പറയുന്നു.
'എന്റെ മകൾ ഇതിലൊന്നും ഉൾപ്പെട്ടിട്ടില്ല. അവൾ എല്ലാ ദിവസവും ജോലിക്ക് പോകുകയും ആളുകളോട് കുശലാന്വേഷണം നടത്തുകയും ചെയ്തതാണ് അവളെ കുഴപ്പത്തിലായത്.' നിദയുടെ പിതാവ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. നിദയുടെ ഇൻസ്റ്റാഗ്രാം ഫോട്ടോ എടുത്ത് അതിൽ 'എച്ച്ആർ ഹെഡ്' എന്ന് എഴുതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണെന്ന് സഹോദരനും ആരോപിക്കുന്നു.
മകൾക്ക് ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി കിട്ടിയതിൽ ഒരിക്കൽ അഭിമാനിച്ചിരുന്നു. എന്നാൽ ഇന്ന്, ഇപ്പോൾ അവളെ ജോലിക്ക് പോകാൻ പ്രേരിപ്പിച്ചതിൽ ഖേദിക്കുന്നുവെന്ന് നിദയുടെ പിതാവ് പറയുന്നു. 'അവൾ ജോലിക്ക് പോകാതിരിക്കുന്നതായിരുന്നു നല്ലത്. അവളെക്കുറിച്ച് പ്രചരിക്കുന്നതൊന്നും സത്യമല്ല. ഞങ്ങൾ വളരെയധികം വിഷമത്തിലാണ്. ഈ സംഭവത്തോടെ അവളുടെ അമ്മ അസുഖബാധിതയായി.' അദ്ദേഹം പറയുന്നു.
നിദ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും ഗർഭിണിയായ അവൾ വീട്ടിൽതന്നെയാണ് ഉള്ളതെന്നും മാതൃസഹോദരൻ പറയുന്നു. നിദയെ അന്വേഷിച്ചോ നിദയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും വിവരങ്ങൾ അന്വേഷിച്ചോ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലും ഇതുവരെയും തങ്ങളുടെ വീട്ടിലേക്ക് വന്നിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, അസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നിവരാണ് കേസിൽ അറസ്റ്റിലായവർ.
Content Highlights: Nida Khan to file for anticipatory bail amid 2026 scandal allegations. Accused of being the 'mastermind' in a BPO sexual harassment case. Family claims Khan is pregnant and not absconding. Dispute over Khan's role as HR manager vs telecaller. Investigation involves 78 suspicious call records and financial trails.
Published: 17 Apr 2026, 12:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented